ജമ്മുവിൽ രണ്ട് മുന്‍ മന്ത്രിമാരുൾപ്പെടെ നേതാക്കൾ ഗുലാം നബി ആസാദിന്റെ പാർട്ടി വിട്ടു കോൺഗ്രസിൽ ചേർന്നു

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ആസാദിന്റെ പാര്‍ട്ടിക്ക് കശ്മീരിൽ ഒരു ചലനവും ഉണ്ടാക്കാനായില്ല

ശ്രീനഗര്‍: മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിക്ക് തിരിച്ചടി. രണ്ട് മുന്‍ മന്ത്രിമാരുള്‍പ്പെടെ നാല് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മന്ത്രിമാരായ ജുഗല്‍ കിഷോര്‍ ശര്‍മയും അബ്ദുള്‍ മജീദ് വാനിയും എംഎല്‍സിമാരായിരുന്ന സുഭാഷ് ചന്ദര്‍ ഗുപ്തയും ബ്രിജ് മോഹന്‍ ശര്‍മയുമാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. ഇന്ദിരാഗാന്ധിയുടെ 108-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഇവര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. 2022-ല്‍ ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട് പോയ നേതാക്കളാണ് ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്.

ജമ്മു കശ്മീര്‍ ചുമതലയുളള കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സയീദ് നസീര്‍ ഹുസൈന്‍, ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കരാ, എഐസിസി ജനറല്‍ സെക്രട്ടറി ജി എ മിര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് നേതാക്കളുടെ പാര്‍ട്ടി പ്രവേശനം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈഷ്‌ണോ ദേവിയില്‍ നിന്നും ദോഡയില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടവരാണ് ജുഗല്‍ കിഷോര്‍ ശര്‍മയും അബ്ദുള്‍ മജീദ് വാനിയും. 2000 മുതല്‍ 2005 വരെ മുഫ്ദി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുളള പിഡിപി സര്‍ക്കാരിലും 2005 മുതല്‍ 2008 വരെ ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ്-പിഡിപി സര്‍ക്കാരിലും മന്ത്രിയായിരുന്നു ജുഗല്‍ കിഷോര്‍ ശര്‍മ. ആസാദ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അബ്ദുള്‍ മജീദ് വാനി.

'മതേതരത്വത്തില്‍ വിശ്വസിക്കുകയും നേതാക്കള്‍ക്ക് മനസ് തുറന്ന് സംസാരിക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് മതത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നില്ല. മറ്റ് പാര്‍ട്ടികള്‍ മതത്തിന്റെ പേരിലാണ് വോട്ട് ചെയ്യുന്നത്. അത് അംഗീകരിക്കാനാവില്ല. മതം തികച്ചും വ്യക്തിപരമായ കാര്യമാണ്. എല്ലാവര്‍ക്കും അവരവരുടെ മതം പിന്തുടരാനുളള അവകാശമുണ്ട്': ജുഗല്‍ കിഷോര്‍ ശര്‍മ പറഞ്ഞു.

2022 ഓഗസ്റ്റിലാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജിവെച്ചു. തുടര്‍ന്ന് സെപ്റ്റംബറില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ആസാദിന്റെ പാര്‍ട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാനായില്ല. പിന്നീട് ആസാദ് പാര്‍ട്ടി സംഘടനാ സംവിധാനങ്ങള്‍ പിരിച്ചുവിട്ടിരുന്നു.

Content Highlights: 4 leaders, includingministers, leave Ghulam Nabi Azad's party in Jammu and join Congress

To advertise here,contact us