'മൂന്ന് ഐ വിക്ക് ഒരു ലക്ഷം രൂപ'; തായ്‌ലന്‍ഡിലെ 'ആശുപത്രി സ്കാം' വിവരിച്ച് ഇന്ത്യൻ വ്ളോഗർ

തായ് ആശുപത്രിയും ഗമ്മീസ് വില്‍പ്പനക്കാരും തമ്മിലുള്ള സ്‌കാമാണോ ഇതെന്ന് സംശയിക്കുന്നതായും മോനിക ആരോപിക്കുന്നുണ്ട്

'മൂന്ന് ഐ വിക്ക് ഒരു ലക്ഷം രൂപ'; തായ്‌ലന്‍ഡിലെ 'ആശുപത്രി സ്കാം' വിവരിച്ച് ഇന്ത്യൻ വ്ളോഗർ
dot image

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ മൂന്ന് ഐ വിക്ക് ഒരു ലക്ഷം രൂപ വാങ്ങിയതായി ആരോപണം. ക്രബിയില്‍ നിന്നും ഗമ്മികള്‍ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥകള്‍ ഉണ്ടായെന്നും ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇത്രയും പൈസ ഈടാക്കിയതെന്നും രാജസ്ഥാനില്‍ നിന്നുള്ള ട്രാവല്‍ വ്‌ലോഗര്‍ മോനിക ഗുപ്ത പറഞ്ഞു.

രണ്ട് മണിക്കാണ് ഗമ്മീസ് കഴിച്ച് മോനികയ്ക്കും സുഹൃത്തിനും ആരോഗ്യാസ്വസ്ഥത ഉണ്ടായത്. 'ഞങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചു. നെഞ്ച് വേദനയും പിന്നാലെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടു. 15 മിനിറ്റില്‍ 20 തവണ എന്റെ സുഹൃത്ത് ഛര്‍ദിച്ചു. അടുത്തുള്ള പ്രാദേശിക ആശുപത്രിയിലേക്ക് പോയി. ഉടന്‍ തന്നെ അവര്‍ ഐ വി ഡ്രിപ് ഇട്ടു. 30 മിനിറ്റ് ഞങ്ങള്‍ക്ക് ബോധമുണ്ടായിരുന്നില്ല', മോനിക പറയുന്നു.

ആദ്യം ആശുപത്രിയില്‍ നിന്നും 17,500 ഭാട്ടിന്റെ (48,000രൂപ) ബില്ല് നല്‍കിയെന്നും ആശുപത്രിയില്‍ നിന്നിറങ്ങുമ്പോള്‍ 36,000 (ഒരു ലക്ഷം രൂപ) ഭാട്ടിന്റെ ബില്ല് നല്‍കിയെന്നും മോനിക പറയുന്നു. താന്‍ ചോദ്യം ചെയ്തപ്പോള്‍ മൂന്ന് ഐവിക്കുള്ള ചാര്‍ജാണ് ഒരു ലക്ഷം രൂപയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞെന്നും മോനിക പറയുന്നുണ്ട്.

മാത്രവുമല്ല, സമാന ഗമ്മീസ് കഴിച്ച് സമാന രോഗലക്ഷണങ്ങുമായി വന്നവര്‍ ആശുപത്രിയില്‍ വേറെയുമുണ്ടായിരുന്നുവെന്ന് മോനിക പറയുന്നു. തായ് ആശുപത്രിയും ഗമ്മീസ് വില്‍പ്പനക്കാരും തമ്മിലുള്ള സ്‌കാമാണോ ഇതെന്ന് സംശയിക്കുന്നതായും മോനിക ആരോപിക്കുന്നുണ്ട്.

Content Highlights: Indian woman shares hospital scam experience in Thailand

dot image
To advertise here,contact us
dot image