തണുപ്പകറ്റാന്‍ കരി കത്തിച്ച് ഉറങ്ങി; പുക ശ്വസിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കര്‍ണാടകയിലെ ബെലഗാവിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം

ബെംഗളുരു: തണുപ്പിനെ അകറ്റാന്‍ അടച്ചിട്ട മുറിയില്‍ കരി കത്തിച്ച മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു.കര്‍ണാടകയിലെ ബെലഗാവിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒരാള്‍ രക്ഷപ്പെട്ടെങ്കിലും ഇയാളുടെ നില ഗുരുതരമാണ്.

ബെലഗാവിയിലെ അമന്‍ നഗര്‍ നിവാസികളായ മോഹിന്‍ നളബന്ദ് (23), റെഹാന്‍ മാറ്റെ (22), സര്‍ഫറാസ് ഹാരപ്പനഹള്ളി (22) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷഹനവാസ് ഹര്‍പ്പനഹള്ളി (19)യെന്നയാളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇവര്‍ കരി കത്തിച്ച ശേഷം ഉറങ്ങാന്‍ കിടന്നത്. എല്ലാ ജനലുകളും വാതിലുകളും അടച്ചിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ റെഹാന്‍ മാറ്റെയുടെ സഹോദരി പലതവണ ഫോണിൽ വിളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. വീട്ടില്‍ എത്തിയപ്പോള്‍ വീട് അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

Content Highlights: 3 men who lit charcoal stove to stay warm found dead inside room in Belagavi

To advertise here,contact us