പട്ന: നിയമസഭാ തെരഞ്ഞെടപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കുടുംബത്തില് ഉടലെടുത്ത പ്രശ്നങ്ങളില് മൗനം വെടിഞ്ഞ് ആര്ജെഡി നേതാവും മുന് മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. നിലവിലെ സംഭവങ്ങള് കുടുംബത്തെ ബാധിക്കുന്നതാണെന്നും അതില് പാര്ട്ടി പ്രവര്ത്തകര് ശ്രദ്ധിക്കേണ്ടതില്ലെന്നുമാണ് ലാലു പ്രസാദ് യാദവ് പറഞ്ഞത്. പട്നയില് ചേര്ന്ന പാര്ട്ടി നിയമസഭാംഗങ്ങളുടെ യോഗത്തിലാണ് ലാലു പ്രസാദ് ഇക്കാര്യം പറഞ്ഞത്. ഈ യോഗത്തിലായിരുന്നു തേജസ്വി യാദവിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.
'ഇതൊരു ആഭ്യന്തര കുടുംബ പ്രശ്നമാണ്. അത് കുടുംബത്തിനുള്ളില് തന്നെ പരിഹരിക്കും. കുടുംബത്തിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളില് ശ്രദ്ധിക്കേണ്ടതില്ല. പാര്ട്ടിയുടെ ഐക്യത്തിലും പ്രകടനം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കൂ', ലാലു പ്രസാദ് പറഞ്ഞു. കഴിഞ്ഞ ദിവസം കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലാലുവിന്റെ മകള് രോഹിണി ആചാര്യ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലാലു പ്രസാദിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പില് ആര്ജെഡി ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു രോഹിണി ആചാര്യ ആരോപണങ്ങളുമായി രംഗത്തെത്തിയത്. പിതാവിന് വൃക്ക നല്കിയത് തെരഞ്ഞെടുപ്പില് സീറ്റ് ലഭിക്കാനും പണത്തിനും വേണ്ടിയാണെന്ന് കുടുംബം ആരോപിച്ചെന്നായിരുന്നു രോഹിണി പറഞ്ഞത്. താന് വൃത്തികെട്ടവളാണെന്ന് കുടുംബാംഗങ്ങള് പറഞ്ഞു. അച്ഛന് വൃക്ക നല്കിയതിന് പകരമായി കോടിക്കണക്കിന് രൂപയും സീറ്റും താന് വാങ്ങിയെടുത്തുവെന്ന് പറഞ്ഞു. പണം വാങ്ങിയശേഷം വൃത്തികെട്ട വൃക്കയാണ് അദ്ദേഹത്തിന് നല്കിയതെന്നാണ് പറഞ്ഞതെന്നും രോഹിണി പറഞ്ഞിരുന്നു. എക്സ് പോസ്റ്റിലൂടെയായിരുന്നു രോഹിണിയുടെ പ്രതികരണം. മറ്റൊരു എക്സ് പോസ്റ്റില് തനിക്ക് കുടുംബത്തില് നിന്ന് അസഭ്യവാക്കുകള് കേള്ക്കേണ്ടിവന്നു എന്നും അടിക്കാനായി ചെരിപ്പ് ഉയര്ത്തിയെന്നും രോഹിണി ആരോപിച്ചിരുന്നു. രോഹിണിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ലാലുവിന്റെ മറ്റ് മൂന്ന് പെണ്മക്കള് കൂടി കുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.
Content Highlights- Lalu prasad yadav reaction on rohini acharya x post