ഇനി ഒറ്റക്ക്; മുംബൈയില്‍ തനിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസ്, 'സഖ്യം പാര്‍ട്ടിയെ തളര്‍ത്തി,ഇനി അത് വേണ്ട'

സഖ്യത്തിലാണെങ്കിലും ഓരോ പാര്‍ട്ടിക്കും അവരുടെ സംഘടന ശക്തിപ്പെടുത്താനുള്ള അവകാശമുണ്ടെന്ന് രമേശ് ചെന്നിത്തല

ബോംബെ: ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനോ സഖ്യകക്ഷിയായ മഹാ വികാസ് അഘാടി (എംവിഎ)യുമായി ചേരാനായുള്ള അനുമതി സംസ്ഥാനത്തുടനീളമുള്ള പ്രാദേശിക ഘടകങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കി.

'മുംബൈയിലെ പ്രാദേശിക ഘടകം ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ലോക്‌സഭയിലും നിയമസഭയിലും ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. സ്വന്തം ശക്തി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നേരിടാനാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് തോന്നുന്നത്. അതില്‍ ഒരു തെറ്റുമില്ല', മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

സഖ്യത്തിലാണെങ്കിലും ഓരോ പാര്‍ട്ടിക്കും അവരുടെ സംഘടന ശക്തിപ്പെടുത്താനുള്ള അവകാശമുണ്ട്. ഇതിന് വേണ്ടി മാത്രമാണ് ഇപ്പോള്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ വിട്ടുവീഴ്ചകള്‍ അവസാനിപ്പിക്കണമെന്ന് മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതികരിച്ചു. മോദിയുമായുള്ള എതിര്‍പ്പായിരുന്നു തങ്ങളുടെ സഖ്യത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

'മോദിക്ക് മുമ്പ് അവിഭക്ത ശിവസേനയെയും ബിജെപിയെയും അധികാരത്തില്‍ നിന്നിറക്കാനാണ് അവിഭക്ത എന്‍സിപിയുമായി സഖ്യം ചേര്‍ന്നത്. അതുകൊണ്ട് തന്നെ എന്‍സിപി കൈവശം വെച്ചിരുന്ന സീറ്റുകളില്‍ കോണ്‍ഗ്രസ് പരിപോഷിച്ചില്ല. അത് ഞങ്ങള്‍ക്ക് നഷ്ടം വരുത്തി. പല സ്ഥലത്തും സഖ്യം നിലനില്‍ക്കുന്നതിനാല്‍ സംഘടനയുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞു. അത് അംഗീകരിച്ച് മറിച്ച് ചിന്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു', അദ്ദേഹം പറഞ്ഞു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈയിലെ ആറ് സീറ്റില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ശിവസേന (യുബിടി)യുമായുള്ള നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് കോണ്‍ഗ്രസിന് രണ്ട് സീറ്റ് ലഭിച്ചത്. ഇതിന് മുമ്പ് അഞ്ച് സീറ്റിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. 2024 നിയമസഭാ തെരഞ്ഞെടുപ്പില്‍ 36ല്‍ 11 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ശിവസേന (യുബിടി) 22 സീറ്റില്‍ മത്സരിച്ചു. ബാക്കിയുണ്ടായ രണ്ട് സീറ്റില്‍ എന്‍സിപി (എസ്പി)യും സമാജ് വാദി പാര്‍ട്ടി ഒരു സീറ്റിലും മത്സരിച്ചു. 2014ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളും വെവ്വേറെ മത്സരിച്ചത് ഒഴിച്ചാല്‍ 1999ന് ശേഷം കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

Content Highlights: Congress decided to go solo in the upcoming Brihanmumbai Municipal Corporation election

To advertise here,contact us