ബിഹാറിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ ഏഴുവയസുകാരനെ കഴുത്തറുത്ത് കൊന്നു: വാര്‍ഡനടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചിരുന്നു

പട്‌ന: ഏഴുവയസുകാരനായ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ വെച്ച് കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ വാര്‍ഡനുള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിനായാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബിഹാറിലെ വൈശാലി ജില്ലയില്‍ ഹാജിപൂര്‍ ഗോപാല്‍പൂര്‍ ചൗക്കിലാണ് സംഭവം.

വൈശാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്യാന്‍ പ്രതിയോഗിത നികേതന്‍ സ്‌കൂളിന്റെ ഹോസ്റ്റല്‍ മുറിയിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കല്യാണ്‍പൂര്‍ സ്വദേശിയായ അര്‍ജുന്‍ താക്കൂറാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. കഴുത്ത് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ഹോസ്റ്റലിന് നേരെ കല്ലെറിയുകയും ഒരുഭാഗം അടിച്ചുതകര്‍ക്കുകയും ചെയ്തു. മണിക്കൂറുകളെടുത്താണ് പൊലീസ് നാട്ടുകാരെ ശാന്തരാക്കിയത്. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്. ഫൊറന്‍സിക് സംഘവും സ്ഥലതെത്തിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ എന്താണ് മരണകാരണമെന്ന് കണ്ടെത്താനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.

Content Highlights: 7-year-old boy strangled to death in school hostel in Bihar: Five including warden in custody

To advertise here,contact us