'ബിഹാർ കോളിഫ്ളവർ കൃഷി അംഗീകരിച്ചിരിക്കുന്നു'; ഭഗൽപൂർ കൂട്ടക്കൊല ഓർമിപ്പിച്ച് BJP മന്ത്രിയുടെ വിദ്വേഷ പോസ്റ്റ്

കൊലപാതകത്തിന്റെ തെളിവുകള്‍ പുറത്തുവരാതിരിക്കാന്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിടുകയും അതിനുമുകളില്‍ കോളിഫ്‌ളവര്‍ ചെടികള്‍ നട്ടുപിടിപ്പിക്കുകയുമായിരുന്നു

ദിസ്പൂര്‍: ബിഹാറില്‍ എന്‍ഡിഎ സഖ്യം വിജയിച്ചതിന് പിന്നാലെ വിദ്വേഷ പോസ്റ്റുമായി അസം ബിജെപി മന്ത്രി അശോക് സിന്‍ഘല്‍. 1989-ലെ ഭഗല്‍പൂര്‍ മുസ്‌ലീം കൂട്ടക്കൊലയെ ഓര്‍മിപ്പിച്ചുകൊണ്ടാണ് അശോക് സിന്‍ഘലിന്റെ എക്‌സ് പോസ്റ്റ്. 'ബിഹാര്‍ ഗോബി (കോളിഫ്‌ളവര്‍) കൃഷി അംഗീകരിച്ചിരിക്കുന്നു' എന്നാണ് കോളിഫ്‌ളവര്‍ കൃഷിയുടെ ചിത്രം പങ്കുവെച്ച് ബിജെപി മന്ത്കി എക്സിൽ കുറിച്ചത്. 1989 ഒക്ടോബര്‍ 24-ന് ആരംഭിച്ച ഭഗല്‍പൂര്‍ കലാപത്തെ സൂചിപ്പിക്കാനാണ് സംഘപരിവാര്‍ കോളിഫ്‌ളവര്‍ ചിത്രങ്ങള്‍ പ്രതീകാത്മകമായി ഉപയോഗിക്കുന്നത്.

രാമ ജന്മഭൂമി മുന്നേറ്റത്തിന്റെ സമയത്ത് ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയില്‍ വിശ്വഹിന്ദു പരിഷത്തിലെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള വലതുപക്ഷ ഗ്രൂപ്പുകള്‍ നടത്തിയ കൂട്ടക്കൊലകളുടെ പരമ്പരയായിരുന്നു ഭഗല്‍പൂര്‍ കലാപം. ആയിരത്തോളം പേര്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായത്. അതില്‍ ഭൂരിഭാഗവും മുസ്‌ലീം വിഭാഗത്തില്‍ നിന്നുളളവരായിരുന്നു. രാമജന്മഭൂമി മൂവ്‌മെന്റിന്റെ ഭാഗമായ റാലി നടക്കുന്നതിനിടെ മുസ്‌ലീങ്ങള്‍ ഹിന്ദു വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയെന്ന അഭ്യൂഹം പ്രചരിച്ചതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം.

തുടര്‍ന്ന് രണ്ടുമാസത്തോളം ഭഗല്‍പൂരില്‍ സംഘര്‍ഷങ്ങളും കലാപങ്ങളുമുണ്ടായി. നിരവധി ഗ്രാമങ്ങള്‍ നശിപ്പിക്കപ്പെട്ടു. അതില്‍ ഏറ്റവും ക്രൂരമായ സംഭവങ്ങളിലൊന്ന് ലോകെയ്ന്‍ ഗ്രാമത്തിലുണ്ടായ അക്രമമാണ്. ലോകെയ്‌നില്‍ 116 മുസ്‌ലീങ്ങളെയാണ് അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ തെളിവുകള്‍ പുറത്തുവരാതിരിക്കാന്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിടുകയും അതിനുമുകളില്‍ കോളിഫ്‌ളവര്‍ ചെടികള്‍ നട്ടുപിടിപ്പിക്കുകയുമായിരുന്നു.

Content Highlights: Bihar approved gopi farming: Ashok singhal post refers bhagalpur massacre

To advertise here,contact us