ന്യൂഡല്ഹി: ഫരീദാബാദിലെ അല് ഫലാ സര്വകലാശാലയില് നിന്നും കോഡ് വാക്കുകളും എന്ക്രിപ്റ്റഡ് സന്ദേശങ്ങളും അടങ്ങുന്ന രണ്ട് ഡയറികള് കണ്ടെത്തിയതായി റിപ്പോര്ട്ട്. ചെങ്കോട്ട സ്ഫോടനം നടത്തിയ ഡോ. ഉമര് മുഹമ്മദിന്റെയും പിന്നാലെ അറസ്റ്റിലായ ഡോ. മുസമില് ഷക്കീലിന്റേതുമാണ് കണ്ടെടുത്ത ഡയറികള്. മുസമില് താമസിച്ച അല് ഫലാ സര്വകലാശാലയിലെ 17ാം കെട്ടിടത്തിലെ 13ാം നമ്പര് മുറിയില് നിന്നുമാണ് ഡയറികള് കണ്ടെത്തിയത്.
'ഓപ്പറേഷന്' എന്ന വാക്ക് ഈ ഡയറികളില് ആവര്ത്തിച്ച് കാണാമെന്ന് സ്രോതസുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ഇത് ചെങ്കോട്ട സ്ഫാടനവുമായി ബന്ധപ്പെട്ട സൂചനയാണോയെന്നാണ് സംശയം. 'പാക്കേജ്', 'ഷിപ്മെന്റ്' എന്നീ വാക്കുകള് ഇരുവരുടെയും ഫോണുകളിലെ സന്ദേശങ്ങളില് നിരവധി തവണ ഉപയോഗിച്ചതായും കണ്ടെത്തി.
മുസമിലിന്റെ 13ാം നമ്പര് മുറിയാണ് ഉമറിന്റെയും കസ്റ്റഡിയിലുള്ള മറ്റ് രണ്ടുപേരായ അദീലിന്റെയും ഷഹീനിന്റെയും രഹസ്യ കേന്ദ്രമെന്നും അവിടെ നിന്നുമാണ് തിങ്കളാഴ്ചത്തെ സ്ഫോടനം ആസൂത്രണം ചെയ്തതായാണ് സംശയിക്കുന്നതെന്നും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. മുസമിലിന്റെ മുറിയില് നിന്നും കുറച്ച് മീറ്ററുകള് മാത്രം മാറി സ്ഥിതി ചെയ്യുന്ന സര്വകലാശാല ലാബില് നിന്നും ബോംബ് നിര്മിക്കുന്ന കെമിക്കലുകള് കണ്ടെത്തിയിട്ടുണ്ട്.
ഫോറന്സിക് ടീം മുസമിലിന്റെ മുറിയില് നിന്നും ലാബില് നിന്നും കെമിക്കല് പദാര്ത്ഥങ്ങളും ഡിജിറ്റല് ഡാറ്റകളും കണ്ടെത്തിയിട്ടുണ്ട്. ചെറിയ അളവില് അമോണിയം നൈട്രേറ്റും ഓക്സൈഡും ചേര്ത്ത് രാസവസ്തുക്കള് കലര്ത്തിയാണ് സ്ഫോടക വസ്തു നിര്മിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
Content Highlights: Code words in diaries found at Al Falah University Red Fort incident