ചെങ്കോട്ട സ്ഫോടനം; ഉമർ മുഹമ്മദിന്‍റെ രണ്ടാമത്തെ കാർ കണ്ടെത്തി, രജിസ്റ്റർ ചെയ്തത് വ്യാജ വിലാസത്തിൽ

ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് കാർ കണ്ടെത്തിയത്

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പൊലീസ്. സ്‌ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമർ വാങ്ങിയ ചുവപ്പ് ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് കാറാണ് പൊലീസ് കണ്ടെത്തിയത്. ഹരിയാനയിലെ ഫാം ഹൗസില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. വാഹനത്തിന്റെ രണ്ടാമത്തെ ഉടമയാണ് ഉമര്‍. ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഹരിയാനയിലെ ഫാംഹൗസില്‍ നിന്ന് കാർ കണ്ടെത്തിയത്.

DL10 CK 0458 ആണ് ചുവന്ന കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍. ഈ രണ്ട് കാറുകള്‍ കൂടാതെ മൂന്നാമത് ഒരു കാര്‍ കൂടി ഉമറിന്റെ ഉടമസ്ഥതയിലുണ്ട് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇത് കണ്ടെത്തുന്നതിനായും പൊലീസ് വ്യാപക തിരച്ചില്‍ നടത്തുകയാണ്.

2017 നവംബര്‍ 22ന് ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ ആര്‍ടിഒ പരിധിയിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാര്‍ വാങ്ങുന്നതിനായി ഉമര്‍ നല്‍കിയത് ഡല്‍ഹിയില്‍ നിന്നുള്ള വ്യാജ വിലാസം ആണെന്ന് പൊലീസ് കണ്ടെത്തി. ഉമര്‍ കാര്‍ വാങ്ങാന്‍ ഉപയോഗിച്ച വിലാസത്തിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഇവിടെ നിന്നും കാര്‍ കണ്ടെത്താനായിരുന്നില്ല.

തിങ്കളാഴ്ച വൈകിട്ട് 6.52 ഓടെയായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം രാജ്യത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഫരീദാബാദില്‍ വന്‍ അളവില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവവുമായി ചെങ്കോട്ട സ്ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നായിരുന്നു പൊലീസ് ആദ്യം അന്വേഷിച്ചത്. തുടര്‍ന്ന് പുറത്തുവന്ന വിവരങ്ങളെല്ലാം ഫരീദാബാദ് സംഭവവുമായി ബന്ധപ്പെട്ടതായിരുന്നു.

ഫരീദാബാദ് റെയ്ഡില്‍ അറസ്റ്റിലായ ഡോക്ടര്‍മാരുമായി ബന്ധമുള്ള ഡോ. ഉമറാണ് സ്ഫോടനം നടന്ന കാര്‍ ഓടിച്ചിരുന്നത്. ജമ്മു കശ്മീര്‍ പൊലീസ് ഉമറിന്റെ പിതാവ്, മാതാവ്, സഹോദരങ്ങള്‍ അടക്കം ആറ് പേരെ കസ്റ്റഡിയില്‍ എടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയുമായിരുന്നു. ഉമറിന്റെ മാതാവിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മരിച്ചത് ഉമര്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടന്നുവരികയാണ്. അതേസമയം, സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ 10 അംഗ സംഘത്തെയണ് എന്‍ഐഎ നിയോഗിച്ചിട്ടുള്ളത്. എന്‍ഐഎ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല.

Content Highlight; Dr Umar Mohammad's second car, a red EcoSport, found abandoned near Haryana village

To advertise here,contact us