മധുരമുള്ളതും ഇല്ലാത്തതുമായ 500 കിലോ ലഡു, 5 ലക്ഷം രസഗുള; ഫലംവരും മുന്നേ ബിഹാറിൽ വിജയാഘോഷത്തിന് തയ്യാറായി NDA

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ജെഡിയു സ്ഥാനാർത്ഥി ആനന്ദ് സിങ്ങിന്‍റെ വീട്ടിൽ അൻപതിനായിരം പേർക്കുള്ള വിരുന്നൊരുക്കും

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളുകൾ അനുകൂലമായതോടെ വിജയ പ്രതീക്ഷയിൽ എൻഡിഎ. നവംബർ 14ന് വോട്ടെണ്ണൽ ദിനത്തിൽ വിജയാഘോഷത്തിനായി പട്നയിൽ ബിജെപി 500 കിലോഗ്രാം ലഡുവാണ് തയ്യാറാക്കുന്നതെന്ന് ബിജെപി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിംഗ് കല്ലു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ഫോട്ടോയ്ക്ക് മുന്നിൽ വലിയ പാത്രത്തിലാണ് ലഡു നിർമ്മാണമെന്നും കല്ലു പറഞ്ഞു. ഷുഗർ ബാധിതർക്കായി പ്രത്യേകം മധുരം കുറച്ചും ലഡു നിർമ്മിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സിറ്റ് പോൾ പ്രവചനം പാർട്ടിക്കും പ്രവർത്തകർക്കും കൂടുതൽ ഊർജ്ജം നൽകുന്നതാണെന്നും എല്ലാവരും വലിയ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അൻപതിനായിരം ആളുകളെ പങ്കെടുപ്പിച്ചുള്ള വലിയ പരിപാടിയാണ് ജെഡിയു സ്ഥാനാർത്ഥി ആനന്ദ് സിങിന്റെ വീട്ടിൽ സംഘടിപ്പിക്കുക. പരിപാടിക്കായി അഞ്ച് ലക്ഷം രസഗുളയും ഗുലാബ് ജാമുനും തയ്യാറാക്കുന്നുണ്ട്. ജൻസുരാജ് പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആനന്ദ് സിങ്ങ്.

ബിഹാറിൽ ആഘോഷങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചതായും വോട്ടെണ്ണൽ ദിനത്തിലെ ആഹ്ളാദ പരിപാടികളുടെ ഭാഗമാകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരെ വരെ ക്ഷണിച്ചതായും പ്രാദേശിക നേതാക്കൾ പറഞ്ഞു. ബിഹാറിൽ ഭരണത്തുടർച്ച പ്രവചിക്കുന്ന മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളിലും 130 ലേറെ സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചിക്കുന്നത്.

Content Highlights: 500 kg laddoos 5 lakh Rasagullas; NDA prepares to celebrate victory in bihar

To advertise here,contact us