ടിപി വധക്കേസ് പ്രതിക്ക് ജാമ്യം നൽകരുതെന്ന് രമ, മൗനം പാലിച്ച് സർക്കാർ; നിർബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി

ഭരണകക്ഷിയില്‍പ്പെട്ട ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കുന്നില്ലെന്ന് രമ പറഞ്ഞു

ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതി ബാബുവിന് ജാമ്യം നല്‍കരുതെന്ന് കെ കെ രമ. സുപ്രീംകോടതിയിലാണ് കെ കെ രമ ജാമ്യാപേക്ഷയെ എതിര്‍ത്ത് നിലപാട് അറിയിച്ചത്. ഭരണകക്ഷിയില്‍പ്പെട്ട ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കുന്നില്ലെന്നും കെ കെ രമ പറഞ്ഞു. എന്നാല്‍ ജാമ്യാപേക്ഷ എതിര്‍ക്കാനുള്ള ചുമതല സര്‍ക്കാരിന്റെ ചുമലില്‍ വയ്ക്കരുതെന്നും അക്കാര്യത്തില്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യാപേക്ഷയെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കാന്‍ കെ കെ രമയ്ക്ക് സാവകാശം നല്‍കി. ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീകോടതി അറിയിച്ചു.

ജാമ്യ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് അറിയേണ്ടതുണ്ട്. അതിനാല്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് കെ കെ രമയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത്, എ. കാര്‍ത്തിക് എന്നിവര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അഭിഭാഷകര്‍ ഹാജരാകാത്തതിനാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി കോണ്‍സൽ നിഷേ രാജന്‍ ഷോങ്കര്‍ ഹാജരായി. സീനിയര്‍ അഭിഭാഷകരുടെ അസാന്നിധ്യത്തില്‍ നിഷേ സ്വയം സന്നദ്ധത അറിയിക്കുകയായിരുന്നു. എന്നാല്‍ ജാമ്യത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കിയില്ല. ഇതിന് പിന്നാലെയാണ് കേസ് സുപ്രീംകോടതിയിലേക്ക് മാറ്റിയത്.

Content Highlight; SC Notes State’s Non-Intervention in TP Murder Bail; Considers KK Rema’s Plea

To advertise here,contact us