ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ദൃക്സാക്ഷികളുടെ പ്രതികരണം പുറത്ത്. സ്ഫോടനമുണ്ടായതിന് പിന്നാലെ റോഡിൽ ശരീരാവശിഷ്ടങ്ങൾ കണ്ടുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശരീരഭാഗങ്ങൾ ദൂരത്തേക്ക് തെറിച്ചുപോയെന്നും ഇവർ പറയുന്നുണ്ട്. 'സ്ഫോടനത്തിന് പിന്നാലെ ആരുടേയോ കൈ റോഡിൽ കണ്ടു, ഭയന്ന് സ്തംഭിച്ചു പോയി. എന്താണ് ഉണ്ടായതെന്ന് പോലും മനസിലായില്ല' എന്നാണ് ദൃക്സാക്ഷിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഒരു കിലോ മീറ്റർ വരെ ദൂരത്തിൽ സഫോടന ശബ്ദം കേട്ടുവെന്നും സമീപത്തുള്ളവർ പറഞ്ഞു.
സ്ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മീഷണറുമായും ഇന്റലിജൻസ് ബ്യൂറോ മേധാവിയുമായും ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അമിത് ഷായുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചതായാണ് വിവരം. സ്ഫോടനത്തിൽ പത്ത് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പരിക്കേറ്റവരെ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. വൈകീട്ട് 6.52ഓടെയായിരുന്നു സ്ഫോടനം.
ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സ്ഫോടനമുണ്ടായത്. ജനത്തിരക്കുള്ള മേഖലയിൽ നിർത്തിയിട്ട മാരുതി ഈക്കോ വാൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ആറോളം വാഹനങ്ങൾക്ക് തീപിടിച്ചു. മാരുതി ഈക്കോ വാനിനാണ് ആദ്യം സ്ഫോടനമുണ്ടായതെന്നും തുടർന്ന് മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് വിവരം. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.
ഇരുപതോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. എൻഎസ്ജി ബോംബ് സ്ക്വാഡ്, എൻഐഎ, ഫോറൻസിക് ഉദ്യോ?ഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. ദില്ലിയിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഭീകരാക്രമണമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ശക്തിയേറിയ സ്ഫോടനമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള സ്ഫോടനമാണോ എന്ന് പരിശോധിക്കുകയാണ്.
Content Highlights: Red Fort Incident; eyewitness describes the tragic scenes around the red fort