കാറിനകത്ത് രണ്ടോ മൂന്നോ പേർ; പതുക്കെ വന്ന് റെഡ് ലൈറ്റിൽ നിർത്തി; ചെങ്കോട്ട സ്‌ഫോടനത്തിൽ ഡല്‍ഹി പൊലീസ് കമ്മീഷണർ

ചെങ്കോട്ട സ്‌ഫോടനത്തില്‍ മരണം പത്തായി

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിലെ വിവരങ്ങള്‍ പങ്കുവെച്ച് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച. ഇന്ന് വൈകിട്ട് 6.52നാണ് സ്‌ഫോടനം നടന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പതുക്കെ വന്ന വാഹനം റെഡ് ലൈറ്റിലെത്തിയപ്പോള്‍ നിര്‍ത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'ആ വാഹനത്തിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം കാരണം അടുത്ത വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. സ്‌ഫോടനത്തില്‍ കുറച്ച് പേര്‍ മരിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാഹചര്യം വിലയിരുത്തുകയാണ്. ആഭ്യന്തര മന്ത്രി വിളിച്ചിട്ടുണ്ട്. അതാത് സമയങ്ങളില്‍ അദ്ദേഹത്തെ വിളിച്ച് വിവരമറിയിക്കുന്നുണ്ട്', സതീഷ് ഗോല്‍ച പറഞ്ഞു.

കാറില്‍ രണ്ടോ മൂന്നോ പേരുണ്ടായിരുന്നുവെന്ന് ഗോല്‍ച കൂട്ടിച്ചേര്‍ത്തു. എന്നാൽ കാറിൽ മൂന്ന് പേർ ഉണ്ടായിരുന്നതായാണ് ചില ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നത്. ഹ്യുണ്ടായ് ഐ 20 കാറിലാണ് സ്ഫോടനം നടന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഫ്എസ്എല്‍, എന്‍ഐഎ അടക്കമുള്ള എല്ലാ ഏജന്‍സികളും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തുകയാണ്. ഇതുവരെ സ്‌ഫോടനത്തില്‍ പത്ത് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗേറ്റ് നമ്പര്‍ ഒന്നിലാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിച്ച് അന്വേഷിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപമാണ് സ്ഫോടനമുണ്ടായത്. ജനത്തിരക്കുള്ള മേഖലയില്‍ നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം.

ആറോളം വാഹനങ്ങള്‍ക്ക് തീപിടിച്ചു. മാരുതി ഈക്കോ വാനിനാണ് ആദ്യം സ്ഫോടനമുണ്ടായതെന്നും തുടര്‍ന്ന് മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് വിവരം. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. സ്ഫോടനമുണ്ടായതിന് പിന്നാലെ റോഡില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: Delhi Police Commissioner about Red Fort Incident

To advertise here,contact us