മരിച്ചെന്ന് സ്ഥിരീകരിച്ച യുവാവ് സംസ്കാരത്തിനായി കുഴിയിലേക്ക് എടുക്കുന്നതിനിടെ ശ്വസിച്ചു

സംസ്കാര ചടങ്ങിനെത്തിയ ബന്ധുക്കളാണ് 38കാരൻ ശ്വസിക്കുന്നത് ശ്രദ്ധിച്ചത്

ഗഡാഗ്: കർണാടകയിൽ ആശുപത്രി അധികൃതർ മരിച്ചെന്ന് വിധിയെഴുതിയ യുവാവ് സംസ്‌കാര ചടങ്ങിനിടെ ശ്വസിച്ചു. കർണാടകയിലെ ഗഡാഗ്- ബെറ്റാഗേരിയിലാണ് സംഭവം. 38കാരനായ നാരായൺ വന്നാൾ എന്ന യുവാവ് ധർവാഡിലെ സ്വകാര്യ ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തിനും പിത്താശയ സംബന്ധമായ അസുഖത്തെയും തുടർന്ന് ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പിന്നാലെ നില ഗുരുതരമാവുകയും യുവാവ് കോമ അവസ്ഥയിലേക്ക് പോകുകയും ചെയ്തു. ശേഷമാണ് ആശുപത്രി അധികൃതർ ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചത്.

യുവാവ് മരിച്ചെന്ന് വിശ്വസിച്ച കുടുംബം സംസ്‌കാരചടങ്ങുകൾ നടത്താൻ തീരുമാനിക്കുകയും യുവാവിന്റെ ശരീരം ആംബുലൻസിൽ എത്തിക്കുകയും ചെയ്തു. സംസ്കാരത്തിനായി കുഴിയിലേക്ക് എടുക്കുന്നതിനിടെ യുവാവ് പെട്ടെന്ന് ശ്വസിക്കാൻ തുടങ്ങി. ഇതോടെ ഇയാളെ ഉടൻ തന്നെ ബെറ്റാഗേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാരായൺ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Content Highlights: Man declared dead comes back to life moments before funeral in Gadag

To advertise here,contact us