പശുവിനെ വിറ്റതിന് വീട്ടമ്മയുടെ വീട് സീല്‍ ചെയ്തു; സിപിഐഎം ഇടപെടലില്‍ ധര്‍മസ്ഥല പൊലീസിന്‍റെ നടപടിക്ക് പൂട്ട്

നോട്ടീസോ വിശദീകരണത്തിനുള്ള അവസരമോ ഇല്ലാതെയായിരുന്നു പൊലീസ് സുഹറയുടെ വീട് സീല്‍ ചെയ്തത്.

ബെംഗളൂരു: കന്നുകാലികളെ വിറ്റതിന് വീട്ടമ്മയുടെ വീട് സീല്‍ ചെയ്ത ധര്‍മസ്ഥല പൊലീസിന്റെ നടപടി റദ്ദാക്കി അസിസ്റ്റന്റ് കമ്മീഷണര്‍. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പുത്തൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റെല്ല വര്‍ഗീസാണ് നടപടി റദ്ദാക്കിയത്. സിപിഐഎം ബെല്‍ത്തങ്ങാടി താലൂക്ക് സെക്രട്ടറിയും അഭിഭാഷകനുമായ ബി എം ഭട്ടാണ് നടപടി റദ്ദാക്കിയ വിവരം പങ്കുവെച്ചത്.

കന്നുകാലികളെ വിറ്റതിന് സുഹറയുടെ വീട് സീല്‍ ചെയ്ത പൊലീസ് നടപടിയുടെ നിയമസാധുത ചോദ്യം ചെയ്ത് ഭട്ട് പുത്തൂര്‍ എസി കോടതിയെ സമീപിച്ചിരുന്നു. വീട് സീല്‍ ചെയ്തതിനാല്‍ കുടുംബത്തിന് അഭയം നഷ്ടപ്പെട്ട കാര്യവും അദ്ദേഹം പറഞ്ഞു. പശുവിനെ വില്‍ക്കുന്നത് സ്വത്ത് കണ്ടുകെട്ടലിന് ആവശ്യമായ കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും അങ്ങനെ കണക്കാക്കിയാല്‍ എല്ലാ കര്‍ഷകരുടെയും കൃഷിയിടങ്ങള്‍ കണ്ടുകെട്ടേണ്ടിവരുമെന്നും അദ്ദേഹം നിവേദനത്തില്‍ പറയുന്നു. സംഭവത്തില്‍ തഹസില്‍ദാറിനും അദ്ദേഹം നിവേദനം സമര്‍പ്പിച്ചിരുന്നു.

തുടര്‍ന്ന് കേസ് പരിശോധിച്ച ശേഷം സ്‌റ്റെല്ല വര്‍ഗീസ് സീല്‍ ചെയ്ത നടപടി റദ്ദാക്കുകയായിരുന്നു. പശുവിനെയും കിടാക്കളെയും വിറ്റെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ ക്രൂരത. സുഹറയുടെ കുടുംബം ക്ഷീരകര്‍ഷകരാണെന്നും ഒരു പശുവിനെയും രണ്ട് കിടാക്കളെയും സുഹറ വിറ്റിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. കര്‍ഷകരെ സംബന്ധിച്ച് കന്നുകാലികളെ വാങ്ങുന്നതും വില്‍ക്കുന്നതും സാധാരണമാണെന്നും വാങ്ങുന്നവര്‍ മൃഗങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് വില്‍ക്കുന്നവര്‍ ഉത്തരവാദികളല്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നോട്ടീസോ വിശദീകരണത്തിനുള്ള അവസരമോ ഇല്ലാതെയായിരുന്നു പൊലീസ് സുഹറയുടെ വീട് സീല്‍ ചെയ്തത്.

Content Highlights: house sealed for selling cattle Dharmasthala police's action cancelled after CPI(M) intervention

To advertise here,contact us