കൊൽക്കത്തയിൽ വഴിയരികിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

വെള്ളിയാഴ്ച രാത്രി താരകേശ്വറിലെ റെയില്‍വേയ്ക്ക് സമീപമുള്ള ഷെഡിലായിരുന്നു ഇരുവരും ഉറങ്ങിയിരുന്നത്

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നാല് വയസുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മുത്തശ്ശിയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി താരകേശ്വറിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഷെഡിലായിരുന്നു സംഭവം.

കൊതുകുവലയ്ക്കുള്ളിലായിരുന്നു കുട്ടി ഉറങ്ങിയിരുന്നത്. അക്രമി കൊതുകുവല മുറിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് താരകേശ്വര്‍ റെയില്‍വെ ഹൈ ഡ്രെയിനിന് സമീപത്തായി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.

'കുട്ടി എനിക്കൊപ്പം ഉറങ്ങുകയായിരുന്നു. എപ്പോഴാണ് അവളെ കൊണ്ടുപോയതെന്നോ ആരാണ് കൊണ്ടുപോയതെന്നോ എനിക്കറിയില്ല. അവര്‍ കൊതുകുവല മുറിച്ച് കുട്ടിയെ കൊണ്ടുപോയി. പിന്നീട് നഗ്നയായ നിലയിലാണ് കണ്ടത്', പെണ്‍കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.

ഗുരുതരാവസ്ഥയിലായ കുഞ്ഞ് താരകേശ്വര്‍ ഗ്രാമീൺ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോക്‌സോ കേസ് പ്രകാരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ മമത സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. കുറ്റകൃത്യം കുഴിച്ചുമൂടുന്ന തിരക്കിലാണ് താരകേശ്വര്‍ പൊലീസെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എക്സില്‍ കുറിച്ചു. മമത ബാനര്‍ജി ഭരണകൂടത്തിന്റെ യഥാര്‍ത്ഥ മുഖം ഇതാണെന്നും ഒരു കുട്ടിയുടെ ജീവിതം തകര്‍ന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: 4-Year-Old Sleeping Next To Grandmother assaulted Near Kolkata

To advertise here,contact us