മഴയില്‍ കനത്ത നാശനഷ്ടം: ധനസഹായം പ്രഖ്യാപിച്ച ഗുജറാത്ത് സര്‍ക്കാരിനെതിരെ കർഷകർക്കൊപ്പം ഭാരതീയ കിസാന്‍ സംഘും

കര്‍ഷകരുടെ രോഷം ശക്തമായാല്‍ ഭാരതീയ കിസാന്‍ സംഘ് അവരുടെ പോരാട്ടത്തിനൊപ്പം അണിചേരുമെന്ന് ബിഎൻഎസ് അറിയിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ മഴമൂലമുണ്ടായ വിളനാശത്തില്‍ ധനസഹായം പ്രഖ്യാപിച്ച ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാരിനെതിരെ ഭാരതീയ കിസാന്‍ സംഘ്. ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് അപര്യാപ്തമാണെന്നും അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളോട് യാതൊരു ബന്ധവുമില്ലാത്തതാണ് എന്നുമാണ് ആരോപണം. ആര്‍എസ്എസിന്റെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് സര്‍ക്കാരിന്റെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപനത്തെ ചോദ്യംചെയ്ത് രംഗത്തെത്തി. നഷ്ടപരിഹാര മാതൃകയുടെ വിശ്വാസ്യതയെയും മാനദണ്ഡങ്ങളെയും ബിഎന്‍എസ് പരസ്യമായി ചോദ്യംചെയ്തു. എന്ത് അടിസ്ഥാനത്തിലാണ് പതിനായിരം കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ചതെന്നാണ് ബിഎന്‍എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ കെ പട്ടേല്‍ ചോദിക്കുന്നത്.

'എന്ത് അടിസ്ഥാനത്തിലാണ് ദുരിതാശ്വാസ തുക പ്രഖ്യാപിച്ചതെന്ന് വ്യക്തമല്ല. കര്‍ഷകര്‍ക്കുണ്ടായ യഥാര്‍ത്ഥ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ പ്രഖ്യാപിച്ച തുക കൊണ്ട് ഒന്നുമാകില്ല. കര്‍ഷകരുടെ രോഷം ശക്തമായാല്‍ ഭാരതീയ കിസാന്‍ സംഘ് അവരുടെ പോരാട്ടത്തിനൊപ്പം അണിചേരും. 25 വിളനാശമുണ്ടായവര്‍ക്കും 100 ശതമാനം വിളനാശമുണ്ടായവര്‍ക്കും എങ്ങനെയാണ് തുല്യമായി നഷ്ടപരിഹാരം നല്‍കുക? വലിയ തുക നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് നല്ലത് തന്നെയാണ്. പക്ഷെ അതിന്റെ ഘടനയും നീതിയും യുക്തിയും പുനരാലോചിക്കേണ്ടതുണ്ട്': ആര്‍ കെ പട്ടേല്‍ പറഞ്ഞു.

കര്‍ഷകര്‍ക്കുനേരെയുളള ക്രൂരമായ തമാശയാണ് പാക്കേജ് എന്ന് പറഞ്ഞ് ബിജെപി നേതാവ് ചേതന്‍ മലാനി പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും രാജിവെച്ചു. കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന കര്‍ഷകരോട് സര്‍ക്കാര്‍ അതിശക്തമായ നിസംഗത കാണിക്കുകയാണെന്നും ഒരു കര്‍ഷകന്റെ മകന്‍ എന്ന നിലയില്‍ ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ താന്‍ രാജിവയ്ക്കുകയാണ് എന്നുമാണ് മലാനി പറഞ്ഞത്. പതിനായിരം കോടി രൂപയുടെ നഷ്ടപരിഹാരം കൊണ്ട് കര്‍ഷകര്‍ക്കുണ്ടായ നഷ്ടത്തിന്റെ ഒരു തോത് പോലും ആശ്വാസമാകില്ലെന്നും ചേതന്‍ മലാനി പറഞ്ഞു. ഗുജറാത്ത് സര്‍ക്കാര്‍ കര്‍ഷകരുടെ വേദനയെ പരിഹസിക്കുകയാണ് എന്നാണ് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചാവ്ദ പറഞ്ഞത്. സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളിയില്ലെങ്കില്‍ കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ അവസാനത്തോടെ ഗുജറാത്തിലുണ്ടായ അപ്രതീക്ഷിതമായ മഴയില്‍ സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും വ്യാപകമായ കൃഷിനാശമുണ്ടായിരുന്നു. ഗ്രാമീണമേഖലകളിലാകെ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. കുറഞ്ഞ താങ്ങുവിലയ്ക്ക് കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ ആശങ്കാകുലരായ കര്‍ഷകര്‍ക്ക് നവംബര്‍ ഏഴിന് ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍ പതിനായിരം കോടി രൂപയുടെ ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്. പതിനാറായിരം ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 4.2 ദശലക്ഷം ഹെക്ടറിലധികം കൃഷിയിടങ്ങള്‍ നശിച്ച നിലയിലാണ്.

ഗുജറാത്തില്‍ കാലം തെറ്റിയുണ്ടായ മഴ മൂലമുണ്ടായ കൃഷി നാശത്തില്‍ കര്‍ഷകര്‍ക്ക് പതിനായിരം കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 'കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗുജറാത്തില്‍ ഉണ്ടായിട്ടില്ലാത്ത തരത്തിലുളള മഴയിൽ വിവിധ ജില്ലകളിലെ കര്‍ഷകര്‍ക്ക് കാര്യമായ വിളനാശമുണ്ടാക്കി. പ്രകൃതി ദുരന്തത്തിന്റെ ഈ വേളയില്‍ സംസ്ഥാന സര്‍ക്കാര്‍ മണ്ണിന്റെ മക്കളോടൊപ്പമാണ്. അവരുടെ വേദന മനസിലാക്കുന്നു. സംസ്ഥാനത്തുടനീളം വ്യാപകമായുളള കൃഷിനാശത്തില്‍ കര്‍ഷകരുടെ മാനസികാവസ്ഥ കണക്കിലെടുത്ത് പതിനായിരം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുകയാണ്. അതിനുപുറമേ നവംബര്‍ 9 മുതല്‍ കര്‍ഷകരില്‍ നിന്ന് മിനിമം താങ്ങുവിലയ്ക്ക് പതിനയ്യായിരം കോടിയിലധികം വിലവരുന്ന നിലക്കടല, ചോളം, സോയാബീന്‍, തുവര തുടങ്ങിയവ സര്‍ക്കാര്‍ വാങ്ങാനും തീരുമാനമായി' എന്നാണ് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചത്.സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കാലം തെറ്റി എത്തിയ മഴ സംസ്ഥാനത്തെ 42 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയെയും പതിനാറായിരം ഗ്രാമങ്ങളെയും ബാധിച്ചിട്ടുണ്ട്. നിലക്കടല, സോയാബീന്‍, നെല്ല് തുടങ്ങിയ വിളകള്‍ക്കാണ് കനത്ത നഷ്ടമുണ്ടായത്. അപ്രതീക്ഷിതമായുണ്ടായ മഴയില്‍ പല പ്രദേശങ്ങളിലെയും കൃഷിടങ്ങള്‍ ഒലിച്ചുപോയി.

Content Highlights: Will join farmers protest against bjp government: BNS as gujarat govt announce package

To advertise here,contact us