ബിഹാറില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ് സ്ലിപ്പുകള്‍

ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു

പട്‌ന: ബിഹാറില്‍ നടുറോഡില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍). സമസ്തിപൂരിലാണ് റോഡില്‍ ചിതറിക്കിടക്കുന്ന നിലയില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ കണ്ടെത്തിയത്. ഇവിഎമ്മില്‍ (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) നിന്നും പുറത്തെടുത്ത സ്ലിപ്പുകളാണ് ഇവയെന്ന് ആര്‍ജെഡി ആരോപിച്ചു.

സംഭവത്തില്‍ വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. വ്യാഴാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പ് നടത്തിയ മോക്ക് പോളില്‍ നിന്നുളള സ്ലിപ്പുകളാണ് ഇവയെന്നും യഥാര്‍ത്ഥ വോട്ടെടുപ്പിന്റേതല്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. 'ഞങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അവ മോക്ക് പോളിനായി ഉപയോഗിച്ച സ്ലിപ്പുകളാണ്. അവയില്‍ ചിലത് ശരിയായി കീറിയിട്ടില്ല. ഇവിഎം നമ്പര്‍ ഉപയോഗിച്ച് ഇതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥരെ കണ്ടെത്തും. അവര്‍ക്കെതിരെ നടപടിയെടുക്കും': ജില്ലാ മജിസ്‌ട്രേറ്റ് റോഷന്‍ കുഷ്വാഹ പറഞ്ഞു.

പാര്‍ട്ടി ചിഹ്നങ്ങള്‍ അച്ചടിച്ച സ്ലിപ്പുകള്‍ നാട്ടുകാര്‍ റോഡരികില്‍ നിന്നും പെറുക്കിയെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. സരയ് രഞ്ജന്‍ മണ്ഡലത്തിലെ സ്ലിപ്പുകളാണ് റോഡില്‍ കണ്ടെത്തിയത്. ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

എല്ലാ നിയോജക മണ്ഡലങ്ങളിലും യഥാര്‍ത്ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പ്രവര്‍ത്തനം പരിശോധിക്കുന്നതിനായാണ് മോക്ക് പോളുകള്‍ നടത്തുക. യഥാര്‍ത്ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് ഈ ഡാറ്റ നീക്കംചെയ്യുകയും ചെയ്യും.

Content Highlights: VVPAT slips found on the road in Bihar: Explanation that they are from mock polls

To advertise here,contact us