'അച്ഛനോടും അമ്മയോടും നീതി പുലർത്താനായില്ല'; യു പിയിൽ നീറ്റ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

വാതിലില്‍ മുട്ടി വിളിച്ചിട്ടും തുറക്കാതായതോടെ ഹോസ്റ്റല്‍ അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നീറ്റ് എന്‍ട്രന്‍സിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. റാം പൂര്‍ സ്വദേശിയായ മുഹമ്മദ് ആന്‍(19) ആണ് മരിച്ചത്. റാവത്പൂരിലെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു വിദ്യാർത്ഥിയെ കണ്ടെത്തിയത്. രക്ഷിതാക്കളോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല, അതിനാൽ ജീവിതം അവസാനിപ്പിക്കുന്നു എന്ന് എഴുതിയിരിക്കുന്ന കുറിപ്പ് ആനിന്റെ മുറിയില്‍ നിന്ന് കണ്ടെത്തി.

നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് ആന്‍ ഹോസ്റ്റലില്‍ എത്തുന്നത്. ഹോസ്റ്റലിലെ സുഹൃത്ത് പ്രാര്‍ത്ഥനയ്ക്കായി വിളിച്ചെങ്കിലും ആന്‍ പോയില്ല. താനില്ലെന്നും പൊയ്‌ക്കോളാനുമായിരുന്നു ആന്‍ പറഞ്ഞത്. റൂംമേറ്റ് പ്രാർത്ഥന കഴിഞ്ഞ് തിരികെ എത്തിയപ്പോഴേക്കും ആന്‍ മുറി അകത്ത് നിന്ന് പൂട്ടിയിരുന്നു. വാതിലില്‍ മുട്ടി വിളിച്ചിട്ടും തുറക്കാതായതോടെ ഹോസ്റ്റല്‍ അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു.

പൊലീസ് എത്തി വാതില്‍ തുറന്നപ്പോളാണ് മുഹമ്മദ് ആനിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 'അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. നിങ്ങളുടെ സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ എനിക്ക് കഴിയില്ല. ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്.' മുറിയില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ ആന്‍ കുറിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight; NEET aspirant found dead in Uttar Pradesh

To advertise here,contact us