പട്ന: ബിഹാര് തെരഞ്ഞെടുപ്പില് ഗുരുതര ക്രമക്കേട് നടന്നുവെന്ന ഗുരുതര ആരോപണവുമായി ആംആദ്മി പാര്ട്ടി നേതാവ് സൗരഭ് ഭരദ്വാജ്. ബിജെപി ബിഹാറില് വോട്ടുചെയ്യാനായി മറ്റ് സംസ്ഥാനങ്ങളില് നിന്ന് വോട്ടര്മാരെ എത്തിച്ച് വമ്പന് തട്ടിപ്പ് നടത്തിയെന്നാണ് സൗരഭ് ഭരദ്വാജ് ആരോപിക്കുന്നത്. വോട്ടര് പട്ടിക തീവ്ര പരിഷ്കരണ സമയത്ത് ബിജെപി അവരുടെ വിശ്വസ്തരായ വോട്ടര്മാരെ തിരിച്ചറിഞ്ഞുവെന്നും ഡല്ഹിയിലും ഹരിയാനയിലും അവരുടെ പേരുകള് ഒഴിവാകുന്നില്ലെന്ന് ഉറപ്പുവരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. അതേ വോട്ടര്മാരെയാണ് പിന്നീട് പ്രത്യേക ട്രെയിനുകള് ഏര്പ്പെടുത്തി ബിഹാറിലേക്ക് എത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ബിജെപി അവരുടെ വോട്ടര്മാരെ തീവ്ര വോട്ടര്പട്ടിക പരിഷ്കരണത്തിന്റെ സമയത്ത് കണ്ടെത്തി. ആ വോട്ടര്മാരുടെ പേരുകള് വെട്ടിമാറ്റപ്പെടുന്നില്ലെന്ന് ഉറപ്പാക്കി. പിന്നീട് ലക്ഷക്കണക്കിന് വരുന്ന ആ വോട്ടര്മാരെ ബിഹാറിലെ വിവിധ മണ്ഡലങ്ങളിലേക്ക് അയച്ചു. അവര്ക്കുളള ട്രെയിന് ടിക്കറ്റ് മുതല് എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തത് ബിജെപിയാണ്. അങ്ങനെയാണ് ബിഹാറിലെ പോളിംഗ് 75 വര്ഷത്തെ ചരിത്രത്തില് ഏറ്റവും ഉയര്ന്നതായത്.' എന്നാണ് സൗരഭ് ഭരദ്വാജ് ആരോപിച്ചത്.
ചഠ് പൂജയുടെ പേരില് റെയില്വേ അനുവദിച്ച പ്രത്യേക ട്രെയിനുകളുടെ യഥാര്ത്ഥ ലക്ഷ്യത്തെയും അദ്ദേഹം ചോദ്യംചെയ്തു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രത്യേക ട്രെയിനുകള് അനുവദിച്ചതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. 'ഈ പ്രത്യേക ട്രെയിനുകള് ഛഠ് പൂജയ്ക്കുവേണ്ടി അനുവദിച്ചതാണെങ്കില് എന്തുകൊണ്ടാണ് അവ ഛഠ് പൂജയ്ക്ക് ശേഷവും ഓടുന്നത്? അതിനുളള കാരണം വളരെ ലളിതമാണ്. ബിഹാര് തെരഞ്ഞെടുപ്പ്. ജനാധിപത്യത്തെ വിലകൊടുത്തുവാങ്ങാന് അവര് സര്ക്കാര് സംവിധാനവും പൊതുജനങ്ങളുടെ പണവും ഉപയോഗിക്കുകയാണ്': സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഇന്നലെയാണ് ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. ഒന്നാംഘട്ട വോട്ടെടുപ്പില് റെക്കോര്ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 64.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുപ്പത് വര്ഷത്തിനിടയിലെ ഏറ്റവും ഉയര്ന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. 2020-ല് 57.29 ശതമാനമായിരുന്നു പോളിംഗ്. 2000-ല് 62.57 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില് അതായിരുന്നു ഏറ്റവും ഉയര്ന്ന പോളിംഗ് ശതമാനം. നവംബർ പതിനൊന്നിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. പതിനാലിനാണ് വോട്ടെണ്ണൽ.
Content Highlights: BJP sent voters to Bihar in large numbers: Aam Aadmi Party alleges vote theft