ഹൈദരാബാദ്: ഉറുമ്പുകളെ പേടിച്ച്(മൈർമെകോഫോബിയ) തെലങ്കാനയിൽ യുവതി ആത്മഹത്യ ചെയ്തു. സംഗറെഡ്ഡി ജില്ലയിലെ വീട്ടിലാണ് 25-കാരി ജീവനൊടുക്കിയത്. നവംബർ നാലിനാണ് സംഭവം നടന്നത്. 2022-ൽ വിവാഹിതയായ യുവതിക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്.
സാരി ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിക്കാലം മുതൽ സ്ത്രീക്ക് ഉറുമ്പുകളെ ഭയമായിരുന്നുവെന്നും ഇതുസംബന്ധിച്ച് മുമ്പ് കൗൺസിലിംഗ് ലഭിച്ചിരുന്നുവെന്നും വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.
സംഭവ ദിവസം യുവതി മകളെ ഒരു ബന്ധുവിന്റെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. വീട് വൃത്തിയാക്കിയ ശേഷം കൂട്ടിക്കൊണ്ടുപോകാമെന്നാണ് പറഞ്ഞിരുന്നത്. രാവിലെ ജോലിക്ക് പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.
സമീപവാസികളുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഭാര്യയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. "ശ്രീ, ക്ഷമിക്കണം, എനിക്ക് ഈ ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ കഴിയില്ല. മകളെ നന്നായി നോക്കണം'', എന്ന് കത്തിൽ കുറിച്ചിരുന്നു. വൃത്തിയാക്കുന്നതിനിടയിൽ യുവതി ഉറുമ്പുകളെ കണ്ടിരിക്കാമെന്നും ഭയം മൂലമാകാം ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. അമീൻപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlights: Telangana Woman Dies Over Fear Of Ants