'ഒരു ഖാനെയും ഞങ്ങളിവിടെ മേയറാകാന്‍ അനുവദിക്കില്ല'; മംദാനിക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

ബിജെപി അധ്യക്ഷനും അന്ധേരി വെസ്റ്റ് എംഎല്‍എയുമായ അമിത് സതമാണ് വിവാദ പരാമര്‍ശം നടത്തിയത്

മുംബൈ: സൊഹാറാന്‍ മംദാനിയെ ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുത്തതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്. മുംബൈ ബിജെപി അധ്യക്ഷനും അന്ധേരി വെസ്റ്റ് എംഎല്‍എയുമായ അമിത് സതമാണ് വിവാദ പരാമര്‍ശം നടത്തിയത്. ഒരു ഖാനെയും തങ്ങളിവിടെ മേയറാകാന്‍ അനുവദിക്കില്ലെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ പറഞ്ഞത്. ന്യൂയോര്‍ക്കില്‍ നടന്നത് വോട്ട് ജിഹാദ് ആണെന്നും അതേ രാഷ്ട്രീയം ഇവിടെ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അമിത് സതം പറഞ്ഞു.

ചിലര്‍ രാഷ്ട്രീയ അധികാരം നിലനിര്‍ത്താനായി പ്രീണനത്തിന്റെ പാത സ്വീകരിക്കുകയാണ്. സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശക്തികളില്‍ നിന്ന് മുംബൈയെ സംരക്ഷിക്കേണ്ടത് അത്യവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയുടെ വികനത്തിനും ഐക്യത്തിനുമായി എപ്പോഴും നിലകൊള്ളുമെന്നും അമിത് കൂട്ടിച്ചേര്‍ത്തു.

ചരിത്ര വിജയം കുറിച്ചുകൊണ്ടാണ് ന്യൂയോര്‍ക്ക് മേയറായി മംദാനി സ്ഥാനമുറപ്പിച്ചത്. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും ഇന്ത്യൻ സംവിധായിക മീരാ നായരുടെ മകനുമാണ് മംദാനി. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് സിറ്റിയുടെ 111-ാമത്തെ മേയറായി മംദാനി സ്ഥാനം ഉറപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് മുസ്ലീം മതവിഭാ​ഗത്തിൽ നിന്നും ഒരു ഒരാൾ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂയോര്‍ക്കിൽ ഇതുവരെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് മംദാനി.

Content Highlights: Mumbai BJP chief says Won't let a Khan become Mayor

To advertise here,contact us