'ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരും'; വോട്ട് രേഖപ്പെടുത്തി ലാലു പ്രസാദ് യാദവും തേജസ്വിയും കുടുംബവും

തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ആശംസകള്‍ നേരുന്നതായി രാബ്‌റി ദേവി

പാട്‌ന: ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവും കുടുംബവും വോട്ട് രേഖപ്പെടുത്തി. ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരുമെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം തേജസ്വി യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മാറ്റം വരുമെന്ന് ലാലു പ്രസാദ് യാദവും പറഞ്ഞു.

തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ആശംസകള്‍ നേരുന്നതായി ഇരുവരുടെയും അമ്മയും മുന്‍ മുഖ്യമന്ത്രിയുമായ രാബ്‌റി ദേവിയും മാധ്യമങ്ങളോട് പ്രതികരിച്ചു. 'എന്റെ രണ്ട് മക്കള്‍ക്കും ആശംസകള്‍ നേരുന്നു. തേജ് പ്രതാപ് അവന്റെ ഇഷ്ടത്തിന് മത്സരിക്കുന്നു. ഞാന്‍ അവരുടെ അമ്മയാണ്. രണ്ട് പേര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. ബിഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും വോട്ട് ചെയ്യാനുള്ള അവകാശം മറക്കരുതെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു', രാബ്‌റി ദേവി പറഞ്ഞു.

18 ജില്ലകളില്‍ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 1,314 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. തേജസ്വി യാദവും തേജ് പ്രതാപ് യാദവും ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. 3.75 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമാക്കിക്കൊണ്ടായിരുന്നു ഒന്നാംഘട്ട പരസ്യ പ്രചരണം അവസാനിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കളത്തില്‍ ഇറക്കിയായിരുന്നു എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. മഹാസഖ്യത്തിനായി രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനിറങ്ങിയിരുന്നു. മോദി-രാഹുല്‍ വാക്‌പോര് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം തെളിഞ്ഞുനിന്നിരുന്നു. രാഹുല്‍ ഗാന്ധിയേയും തേജസ്വി യാദവിനെയും ലക്ഷ്യംവെച്ചായിരുന്നു മോദിയുടെ പ്രതികരണങ്ങള്‍. രാഹുലും തേജസ്വിയും കോടികളുടെ അഴിമതി നടത്തിയതായി മോദി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ രണ്ട് രാജകുമാരന്മാര്‍ കറങ്ങി നടക്കുകയാണെന്നും മോദി പരിഹസിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഛഠ് പൂജയെ അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു ആരോപണം. വോട്ട് മോഷണം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രചാരണം. ഒരുഘട്ടത്തില്‍ മോദി വ്യാജഡിഗ്രിക്കരനാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Content Highlights: Bihar election Lalu Prasad Yadav and Tejashwi Yadav voted

To advertise here,contact us