ചെന്നൈ: കോയമ്പത്തൂര് കൂട്ടബലാത്സംഗക്കേസില് മൂന്ന് പേരെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്. പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് പ്രതികളായ തവാസി, കാര്ത്തിക്, കാളീശ്വരന് എന്നിവര് പിടിയിലായത്. കാലിന് വെടിവെച്ചതിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രിയാണ് എംബിഎ വിദ്യാര്ത്ഥിനിയായ 19കാരിയെ മൂവര് സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയത്. കോയമ്പത്തൂര് വിമാനത്താവളത്തിന് സമീപം വൃന്ദാവന് നഗറില് ആണ്സുഹൃത്തുമായി കാറില് സഞ്ചരിക്കുമ്പോഴായിരുന്നു അക്രമം. ബൈക്കിലെത്തിയ അക്രമികള് ആണ് സുഹൃത്തിനെ മര്ദിച്ച ശേഷം പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഘം ചെയ്യുകയായിരുന്നു.
പരിക്കേറ്റ ആണ്സുഹൃത്ത് അക്രമ വിവരം പൊലീസിനെ അറിയിക്കുകയും തുടര്ന്ന് നടത്തിയ തിരച്ചിലിലുമാണ് പെണ്കുട്ടിയെ കണ്ടെത്തിയത്. കോയമ്പത്തൂര് വിമാനത്താവളത്തതില് നിന്ന് ഒരു കിലോമീറ്റര് മാറിയുള്ള സ്വകാര്യ കോളേജിന് സമീപമായിട്ടാണ് പെണ്കുട്ടിയെ നഗ്നയായി ഉപേക്ഷിച്ച നിലയില് കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന് കീഴില് കാര്യക്ഷമമായ പൊലീസ് സേനയുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി ചോദിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ബിജെപിയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കോയമ്പത്തൂര് സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി നേതാവ് കെ അണ്ണാമലൈ പ്രതികരിച്ചു.
'തമിഴ്നാട്ടില് ഡിഎംകെ സര്ക്കാര് അധികാരത്തില് വന്നത് മുതല് സ്ത്രീകള്ക്കെതിരായ കുറ്റകൃത്യങ്ങള് വര്ധിക്കുകയാണ്. സാമൂഹ്യവിരുദ്ധര്ക്ക് പൊലീസിനെയോ നിയമത്തെയോ ഒരു ഭയവുമില്ലെന്ന് ഇത്തരം കാര്യങ്ങള് കാണിക്കുന്നു. ഡിഎംകെ മന്ത്രിമാര് മുതല് നിയമം നടപ്പാക്കുന്നവര് വരെയുള്ളവര് ലൈംഗിക കുറ്റവാളികളെ സംരക്ഷിക്കുന്നു', അണ്ണാമലൈ പറഞ്ഞു.
Content Highlights: Three arrested in Coimbatore girl attack case