ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ പതിനേഴുകാരിക്ക് നേരെ വെടിയുതിർത്ത് യുവാവ്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ കാത്തുനിന്ന് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
തോളിലും വയറിലും വെടിയേറ്റ പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. വെടിയുതിർത്ത ജതിൻ മംഗ്ല എന്ന യുവാവിനെ ഫരീദാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പെൺകുട്ടിയെ കാത്തിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം ഒരു മണിക്കൂറിനടുത്ത് പെൺകുട്ടി വരുന്ന വഴിയിൽ ഇയാൾ കാത്തു നിന്നിരുന്നു. ഇതിന്റെയുൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വെടിയേറ്റ് വീണ പെൺകുട്ടി ഉച്ചത്തിൽ കരയുന്നത് കേട്ടശേഷമാണ് അക്രമി ബൈക്കിൽ കയറി രക്ഷപ്പെട്ടത്. പെൺകുട്ടിയും ആക്രമിയും തമ്മിൽ പരിചയമുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വെടിയുതിർക്കാനുപയോഗിച്ച തോക്ക് കണ്ടെത്തി. ഇതിനിടെ പെൺകുട്ടിയെ ഒരാൾ നിരന്തരം പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നതായി സഹോദരി പൊലീസിന് മൊഴി നൽകി.
Content Highlights: man shot a 17-year-old girl in Faridabad