ഹൈദരാബാദില്‍ ഡോക്ടറുടെ വീട്ടില്‍ എക്‌സൈസ് റൈഡ്: കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കള്‍

രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ലഹരിവസ്ത്തുക്കള്‍ ഇവിടെ എത്തിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി

ഹൈദരാബാദ്: ഹൈദരാബാദില്‍ ഡോക്ടറുടെ വീട്ടില്‍ നടന്ന എക്‌സൈസ് റൈഡില്‍ ലക്ഷക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കള്‍ കണ്ടെത്തി. മുര്‍ഷിദാബാദിലെ ഡോക്ടര്‍ ജോണ്‍ പോളിന്റെ വസതിയിലായിരുന്നു റെയ്ഡ് നടന്നത്. വാടക വീട് കേന്ദ്രീകരിച്ച് ഡോക്ടറും സംഘവും ലഹരിവില്‍പ്പന നടത്തുകയായിരുന്നു എന്നാണ് വിവരം. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ലഹരിവസ്തുക്കള്‍ ഇവിടെ എത്തിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

സംഭവത്തില്‍ ഡോക്ടറുടെ കൂട്ടാളികള്‍ എന്ന് സംശയിക്കുന്ന പ്രമോദ്, സന്ദീപ്, ശരത് എന്നിവര്‍ ഒളിവിലാണ്. തെലങ്കാന എക്‌സൈസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു ഡോക്ടറുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്ന ജോണ്‍ പോള്‍ അധിക വരുമാനത്തിനായാണ് ലഹരിമരുന്ന് സംഘത്തിനൊപ്പം ചേര്‍ന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും കൊണ്ടുവരുന്ന മയക്കുമരുന്നുകളുടെ സംഭരണ, വിതരണ കേന്ദ്രമാക്കി ഡോക്ടറുടെ വാടക വീട് മാറ്റുകയായിരുന്നു. വീട്ടിലേക്ക് എത്തിക്കുന്ന മയക്കുമരുന്നുകള്‍ പോള്‍ സൂക്ഷിച്ചുവയ്ക്കുകയും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു. പകരമായി ഇയാള്‍ക്ക് സൗജന്യമായി ലഹരിമരുന്നുകള്‍ ലഭിച്ചു. റെയ്ഡില്‍ നിരോധിത ലഹരിവസ്തുക്കളായ ഒജി കുഷ്, എംഡിഎംഎ, എല്‍എസ്ഡി, കൊക്കെയ്ന്‍, ഹാഷിഷ് ഓയില്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്.

Content Highlights: Excise raid on doctor's house in Hyderabad: Drugs worth lakhs of rupees found

To advertise here,contact us