ന്യൂഡല്ഹി: ഗാന്ധി കുടുംബത്തിനെതിരായ കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗവും മുതിര്ന്ന നേതാവുമായ ശശി തരൂരിന്റെ ലേഖനത്തില് ഹൈക്കമാന്ഡിന് അതൃപ്തി. തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപന പരാമര്ശങ്ങള് ഒഴിവാക്കണമെന്നാണ് ഹൈക്കമാന്ഡിന്റെ നിലപാട്. തരൂരിനെതിരെ കോണ്ഗ്രസ് നേതാക്കളും രംഗത്തെത്തി. കുടുംബ പശ്ചാത്തലം കാട്ടി ആരെയും തടയാനാകില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. കുടുംബവാഴ്ചയാണ് ഇന്ത്യന് ജനാധിപത്യത്തിന്റെ ഭീഷണിയെന്നായിരുന്നു തരൂരിന്റെ പരാമര്ശം. കുടുംബ വാഴ്ചക്ക് പ്രചോദനമായത് നെഹ്റു കുടുംബമെന്നും തരൂര് എഴുതിയിരുന്നു. സംഭവം വലിയ രീതിയില് ചര്ച്ചയായതോടെയാണ് ഹൈക്കമാന്ഡ് അതൃപ്തി അറിയിച്ചത്.
ഇന്ത്യന് രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെക്കുറിച്ച് പ്രൊജക്റ്റ് സിന്ഡിക്കേറ്റില് എഴുതിയ ലേഖനത്തിലായിരുന്നു ശശി തരൂരിന്റെ വിമര്ശനം. നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണയ്ക്ക് അടിത്തറയിടുന്നതാണെന്നായിരുന്നു തരൂര് എഴുതിയത്. കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജവഹര്ലാല് നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല് ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്പ്പെടുന്ന നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ഇഴ ചേര്ന്നിരിക്കുന്നതാണ്. എന്നാല്, രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടു. ഈ ആശയം ഇന്ത്യയിലെ എല്ലാ പാര്ട്ടികളിലും എല്ലാ പ്രദേശങ്ങളിലും എല്ലാ തലത്തിലുമുള്ള രാഷ്ട്രീയത്തിലും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നുവെന്നും തരൂര് പറഞ്ഞിരുന്നു.
കുടുംബവാഴ്ചയുള്ള കുടുംബങ്ങള്ക്ക് സാധാരണയായി ഗണ്യമായ സാമ്പത്തിക മൂലധനം ഉണ്ട്. അത് അവര് അധികാരത്തിലിരുന്ന വര്ഷങ്ങളിലൂടെ സമ്പാദിച്ചതാണ്. കുടുംബവാഴ്ചാ രാഷ്ട്രീയം ഇന്ത്യന് ജനാധിപത്യത്തിന് ഗുരുതര ഭീഷണിയാണ് ഉയര്ത്തുന്നത്. പാരമ്പര്യത്തിന് പ്രാധാന്യം ലഭിക്കുമ്പോള്, ഭരണത്തിന്റെയും നേതൃത്വത്തിന്റെയും ഗുണനിലവാരം കുറയുന്നു. സ്ഥാനാര്ത്ഥികളുടെ പ്രധാന യോഗ്യത കുടുംബപ്പേര് മാത്രമാകുമ്പോള് അത് പ്രശ്നമാകുന്നു. ഇന്ത്യന് രാഷ്ട്രീയം ഒരു കുടുംബ സംരംഭമായി തുടരുന്നിടത്തോളം കാലം ജനാധിപത്യത്തിന്റെ യഥാര്ത്ഥ വാഗ്ദാനമായ 'ജനങ്ങളാല്, ജനങ്ങള്ക്ക് വേണ്ടി, ജനങ്ങളുടെ ഭരണം' പൂര്ണമായി യാഥാര്ത്ഥ്യമാക്കാന് കഴിയില്ലെന്നും തരൂര് വിമര്ശിച്ചിരുന്നു.
Content Highlights- Congress highcommand against Shashi tharoor over his write up in project syndicate