പട്ന: ബിഹാറില് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പിന്റെ കൊട്ടിക്കലാശം. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല് ഗാന്ധിയും അടക്കം പ്രധാന ദേശീയ നേതാക്കള് ബിഹാറില് തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, അധ്യക്ഷന് ജെപി നഡ്ഡ എന്നിവര് റാലി നടത്തും. രാജ്നാഥ് സിങ് നാലിടത്തും അമിത് ഷാ മൂന്നിടത്തും ജെപി നദ്ദ രണ്ടിടത്തുമാണ് പ്രചാരണം നടത്തുക. മഹാസഖ്യത്തിനായി രാഹുല് ഗാന്ധി മൂന്ന് മണ്ഡലങ്ങളില് റാലിയില് പങ്കെടുക്കും. കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെയും സംസ്ഥാനത്തുണ്ട്.
പരസ്യപ്രചരണം അവസാനിക്കാന് മണിക്കൂറുകള് മാത്രം ബാക്കിനില്ക്കെ എന്ഡിഎയും മഹാസഖ്യവും തമ്മില് രൂക്ഷമായ വാക്പോര് തുടരുകയാണ്. ആര്ജെഡിക്കും കോണ്ഗ്രസിനുമിടയില് ശത്രുതയെന്ന പ്രധാനമന്ത്രിയുടെ പരാമര്ശം കൂടുതല് ചര്ച്ചയാക്കുകയാണ് എന്ഡിഎ. ഈ മാസം 18 ന് മഹാസഖ്യത്തിന്റെ സര്ക്കാര് അധികാരമേല്ക്കുമെന്നാണ് തേജസ്വി യാദവിന്റെ മറുപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപിയുടെ വനിതാ പ്രവര്ത്തകരുമായി കൂടിക്കാഴ്ച നടത്തും. ബൂത്തടിസ്ഥാനത്തില് വോട്ടുറപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൂടിക്കാഴ്ച. അതിനിടെ മഹാ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന് ഉവൈസിയും രംഗത്തെത്തി. മുന്നണിയില് ഉള്പ്പെടുത്തണം എന്ന ആവശ്യം മഹാസഖ്യം അംഗീകരിച്ചില്ല. തേജസ്വി യാദവ് തന്നെ തീവ്രവാദിയെന്ന് വിളിച്ചു. വര്ഗീയ മനോഭാവം ഉള്ള ആളാണോ മുഖ്യമന്ത്രിയാകാന് നടക്കുന്നതെന്നും ഉവൈസി വിമര്ശിച്ചു.
121 സീറ്റുകളിലേക്കാണ് മറ്റന്നാള് വോട്ടെടുപ്പ് നടക്കുക. 122 മണ്ഡലങ്ങളിലേക്ക് ഈ മാസം 11 നാണ് വോട്ടെടുപ്പ്. 2020ല് 121ല് 61 സീറ്റാണ് മഹാസഖ്യം നേടിയത്.
Content Highlights: Bihar election final day of campaigning for phase 1 today