തോക്കിൻ മുനയിൽ നിർത്തി മുഖ്യമന്ത്രിയാകാൻ ആരും ആരോടും പറയില്ല, പ്രധാനമന്ത്രി പറയുന്നത് കള്ളം; മോദിക്കെതിരെ ഖർഗെ

മോദിയുടെ പരാമര്‍ശം പരിഹാസ്യമാണെന്നും പ്രധാനമന്ത്രി പദത്തിന്റെ അന്തസ് കളയുന്നു എന്നും ഖര്‍ഗെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് ആർജെഡി നേതാവ് തേജസ്വി യാദവ് ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മോദിയുടെ പരാമര്‍ശം പരിഹാസ്യമാണെന്നും പ്രധാനമന്ത്രി പദത്തിന്റെ അന്തസ് കളയുന്നു എന്നും ഖര്‍ഗെ വിമര്‍ശിച്ചു.

'പ്രധാനമന്ത്രി പറഞ്ഞതെല്ലാം നുണയാണ്. അദ്ദേഹത്തിന് ഒന്നും പറയാനില്ല. ഇതിന് ഞാന്‍ ബിഹാറില്‍ വെച്ച് മറുപടി തരും. തോക്കിന്‍ മുനയില്‍ നിര്‍ത്തി മുഖ്യമന്ത്രിയാക്കാൻ ആരും ആരോടും പറയില്ല. കോണ്‍ഗ്രസ് ഒരിക്കലും ഇത് ചെയ്തിട്ടില്ല. പ്രധാനമന്ത്രി സംസാരിക്കേണ്ട നിലവാരം മാറ്റിവെച്ച് അദ്ദേഹം ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ നടത്തുന്നു', ഖര്‍ഗെ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നത്. തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും സമ്മര്‍ദത്തിനൊടുവിലാണ് സമ്മതിച്ചതെന്നുമായിരുന്നു വാദം. 'കോണ്‍ഗ്രസിന്റെ തലയില്‍ ഒരു നാടന്‍ തോക്ക് വെച്ചാണ് ആര്‍ജെഡി അതിന് സമ്മതിപ്പിച്ചത്. ജംഗിള്‍ രാജില്‍ നിന്നാണ് അവര്‍ ഇത് പഠിച്ചത്. ഇതൊന്നും ബിഹാറിന് നല്ലതല്ല', എന്നായിരുന്നു ഭോജ്പുരിലെ റാലിക്കിടെ മോദി പറഞ്ഞത്.

നാമനിര്‍ദേശം നല്‍കുന്നതിന്റെ ഒരു ദിവസം മുമ്പ് അടച്ച മുറിയില്‍ ഗുണ്ടായിസം നടന്നെന്നും അദ്ദേഹം പരിഹസിച്ചു. രണ്ട് ഘട്ടങ്ങളായാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ ആറ്, 11 തീയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 14ന് വോട്ടെണ്ണല്‍ നടക്കും. ആദ്യ ഘട്ട പരസ്യ പ്രചരണം നാളെ അവസാനിക്കും.

Content Highlights: Bihar Election Mallikarjun Kharge against PM Narendra Modi

To advertise here,contact us