സിഎംഎസ്-03 ബഹിരാകാശത്ത്; 'ബാഹുബലി'യുടെ വിക്ഷേപണം വിജയകരം

ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹമാണ് സിഎംഎസ്-03

ചെന്നൈ: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03യുടെ വിക്ഷേപണം വിജയകരം. തദ്ദേശീയമായി നിര്‍മ്മിച്ച വിക്ഷേപണ വാഹനത്തിലാണ് വിക്ഷേപണം നടത്തിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 5.26നായിരുന്നു ന്നു വിക്ഷേപണം. ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ രാജ്യം ലക്ഷ്യം വെക്കുന്നത്. ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹമാണ് സിഎംഎസ്-03.

4,400 കിലോഗ്രാം ഭാരമാണ് സിഎംഎസ്-03ക്കുള്ളത്. ഇന്ത്യ ഉപഭൂഖണ്ഡത്തിലും ചേര്‍ന്നുള്ള സമുദ്രമേഖലയിലും വാര്‍ത്താവിനിമയ ബന്ധം ശക്തിപ്പെടുത്തുകയാണ് സിഎംഎസ്-03യുടെ ലക്ഷ്യം. ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനമായ എല്‍വിഎം-3യാണ് സിഎംഎസ്-03 യെ ഭ്രമണപഥത്തിലെത്തിക്കുന്നത്.

എല്‍വിഎം-3യുടെ അഞ്ചാമത്തെ വിക്ഷേപണമായതിനാല്‍ എല്‍വിഎം-3 എം5 എന്നാണ് ദൗത്യത്തിന് പേരിട്ടത്. ചന്ദ്രയാന്‍-3 പോലുള്ള വലിയ ദൗത്യങ്ങളിലും ഉപയോഗിച്ചത് എല്‍വിഎം-3 വിക്ഷേപണ വാഹനമായിരുന്നു. ആദ്യ സൈനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്-7 ന്റെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് സിഎംഎസ്-03യുടെ നിര്‍മ്മാണം. ദേശസുരക്ഷയില്‍ അതീവനിര്‍ണ്ണായകമാണ് വിക്ഷേപണം.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാല്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചാണ് ഐഎസ്ആര്‍ഒയുടെ വിക്ഷേപണം. ഉപഗ്രഹത്തിന്റെ ചിത്രങ്ങളും ഐഎസ്ആര്‍ഒ രഹസ്യമാക്കിയിരിക്കുകയാണ്. ലോഞ്ച് ബ്രോഷറിലും ഉപഗ്രഹത്തിന്റെ വിവരങ്ങള്‍ നല്‍കിയിട്ടില്ല.

Content Highlights: CMS-03 launch successful

To advertise here,contact us