സ്കൂളിൽ പോകാൻ വയ്യ, കട്ടിലിൽ മുറുകെ പിടിച്ച് കിടന്ന് കുട്ടി; കട്ടിലോടെ ചുമന്ന് സ്കൂളിലെത്തിച്ച് കുടുബം

യൂണിഫോമില്‍ തന്നെ കട്ടിലില്‍ കിടക്കുന്ന കുട്ടി തല്ലിയിട്ടും വഴക്ക് പറഞ്ഞിട്ടും സ്‌കൂളില്‍ പോകാന്‍ തയ്യാറാകാത്തതോടെയാണ് കട്ടിലുമായി കുടുംബം സ്‌കൂളിലേക്ക് പോയത്

ജയ്പൂര്‍: സ്‌കൂളില്‍ പോകാന്‍ മടിച്ച് കട്ടിലില്‍ തന്നെ ചടഞ്ഞ് കിടന്ന കുഞ്ഞിനെ കട്ടിലോടെ പൊക്കി സ്‌കൂളിലെത്തിച്ച് കുടുംബം. രാജസ്ഥാനിലെ മാചാഡി ഗ്രാമത്തിലാണ് സംഭവം. സ്‌കൂള്‍ യൂണിഫോമില്‍ തന്നെ കട്ടിലില്‍ കിടക്കുന്ന കുട്ടി തല്ലിയിട്ടും വഴക്ക് പറഞ്ഞിട്ടും സ്‌കൂളില്‍ പോകാന്‍ തയ്യാറാകാത്തതോടെയാണ് കട്ടിലുമായി കുടുംബം സ്‌കൂളിലേക്ക് പോയത്. കട്ടിലില്‍ മുറുകെ പിടിച്ച് കിടക്കുന്ന കുട്ടിയുമായി കുടുംബം പോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കട്ടിലില്‍ മുറുകെപിടിച്ച് കിടക്കുന്ന കുഞ്ഞിനെയാണ് ദൃശ്യങ്ങളില്‍ കാണാനാവുന്നത്. എന്തൊക്കെ പറഞ്ഞിട്ടും, തല്ലിയിട്ടും കുട്ടി സ്‌കൂളില്‍ പോകാന്‍ തയ്യാറായില്ല, പിന്നീട് രണ്ട് പേര്‍ ചേര്‍ന്ന് കുട്ടിയെ ചുമന്ന് സ്‌കൂള്‍ ഗേറ്റ് വരെ കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ സ്‌കൂള്‍ ഗേറ്റില്‍ എത്തിയിട്ടും കുട്ടി കട്ടിലില്‍ നിന്നും ഇറങ്ങാന്‍ തയ്യാറായില്ല. കുട്ടിയുടെ ഈ ചെയ്തികള്‍ നോക്കി ചുറ്റിലും കൂടി നില്‍ക്കുന്നവര്‍ ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

അനുനയിപ്പിക്കുന്നതിനായി ടീച്ചര്‍മാര്‍ വന്നു എങ്കിലും അവരുടെ വാക്കുകളൊന്നും അവന് സമാധാനം നൽകിയില്ല. സ്‌കൂളില്‍ പോകാതെ വാശി പിടിച്ച് കിടക്കുന്നതിന് വീട്ടുകാര്‍ ചെറുതായി തല്ലിയതാണ് കുട്ടിയെ ചൊടിപ്പിച്ചത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കളുടെ നിലപാടിനെ പിന്തുണച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. അത്രയും ഉള്‍ഗ്രാമത്തിലായിരുന്നിട്ട് പോലും വിദ്യാഭ്യാസത്തിന് ഇത്രയധികം പ്രാധാന്യം നല്‍കുന്ന മാതാപിതാക്കള്‍ മാതൃകയാണെന്ന് പലരും അഭിപ്രായപ്പെട്ടു.

Content Highlight; Child refuses to go to school, family carries him along with bed

To advertise here,contact us