ന്യൂഡല്ഹി: ദേശീയ തലസ്ഥാനത്തിന്റെ പേര് 'ഇന്ദ്രപ്രസ്ഥ'യെന്ന് പുനര്നാമകരണം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി എംപി പ്രവീണ് ഖണ്ഡേല്വാള്. ഇത് സംബന്ധിച്ച് ഖണ്ഡേല്വാള് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. തലസ്ഥാനത്തിന്റെ പുനര്നാമകരണം ചരിത്രപരവും സാംസ്കാരികവും നാഗരികവുമായ വേരുകള് പ്രതിഫലിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓള്ഡ് ഡല്ഹി റെയില്വേ സ്റ്റേഷന്റെ പേര് ഇന്ദ്രപ്രസ്ഥ ജംഗ്ഷനെന്നും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഇന്ദ്രപ്രസ്ഥ വിമാനത്താവളമെന്നും മാറ്റണമെന്നും കത്തിൽ പരാമർശമുണ്ട്. പാണ്ഡവരുടെ പ്രതിമകള് ഡല്ഹിയില് സ്ഥാപിക്കണമെന്നും ഖണ്ഡേല്വാള് മന്ത്രിക്കയച്ച കത്തില് പറയുന്നു.
ഡല്ഹിയുടെ സാംസ്കാരിക, ചരിത്ര ഘടകങ്ങള് പരിഗണിച്ച് പേര് മാറ്റണമെന്നാണ് എംപി കത്തില് പറയുന്നത്. ഡല്ഹി ഒരു ആധുനിക മഹാനഗരം മാത്രമല്ല, ഇന്ത്യന് നാഗരികതയുടെ ആത്മാവാണെന്നും പാണ്ഡവര് സ്ഥാപിച്ച ഇന്ദ്രപ്രസ്ഥ നഗരത്തിന്റെ ഉജ്വലമായ പാരമ്പര്യത്തിന്റെ പ്രതീകമാണെന്നും എംപി പറഞ്ഞു. രാജ്യത്തെ മറ്റ് ചരിത്ര നഗരങ്ങളായ പ്രയാഗ്രാജ്, അയോധ്യ, ഉജ്ജയിന്, വാരാണസി എന്നീ സ്ഥലങ്ങള് പുനരുജ്ജീവിക്കുമ്പോള് എന്തുകൊണ്ട് ഡല്ഹിയിലും ആയിക്കൂടായെന്നാണ് ബിജെപി എംപിയുടെ ചോദ്യം. ''ഈ മാറ്റം ഒരു ചരിത്രനീതി മാത്രമല്ല, സാംസ്കാരിക നവോത്ഥാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പ് കൂടിയാണ്. ഇത് ചരിത്രത്തെ പുനഃസ്ഥാപിക്കുകയും ചരിത്രനീതി സാധൂകരിക്കുകയും ചെയ്യും'എന്നും അദ്ദേഹം പറഞ്ഞു.
നേരത്ത വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) സമാനമായ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ഡല്ഹിയുടെ പുരാതന ചരിത്രവും സംസ്കാരവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാന് ഇന്ദ്രപ്രസ്ഥ എന്ന പേരാണ് അനുയോജ്യമെന്ന് കാണിച്ചാണ് സാംസ്കാരിക മന്ത്രി കപില് മിശ്രയ്ക്ക് വിഎച്ച്പി സംസ്ഥാന ഘടകം കത്ത് അയച്ചത്.
Content Highlights: BJP MP Praveen Khandelwal wants to rename the national capital to Indraprastha