ന്യൂഡല്ഹി: വനിതാ ഏകദിന ലോകകപ്പില് വിജയ ശില്പ്പിയായിരുന്ന ജമീമ റോഡ്രിഗ്സിനെ വിമര്ശിച്ച് ബിജെപി നേതാവും നടിയുമായ കസ്തൂരി. ലോകകപ്പ് സെമി വിജയത്തിന് തന്റെ ദൈവത്തിന് നന്ദി പറഞ്ഞുള്ള ജമീമയുടെ പ്രതികരണത്തിനെതിരെയാണ് കസ്തൂരി രംഗത്തെത്തിയത്. വിജയത്തിന് പിന്നില് ഭഗവാന് ശിവനോ ഹനുമാനോ ആണെന്ന് ഏതെങ്കിലും ക്രിക്കറ്റ് താരം പറഞ്ഞിട്ടുണ്ടോയെും ജയ് ശ്രീറാം എന്നു പറഞ്ഞിരുന്നെങ്കില് എന്താകുമായിരുന്നുവെന്നും കസ്തൂരി ചോദിക്കുന്നു. ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോയെന്നും അവര് ചോദിക്കുന്നു.
'ഒക്കെ, വ്യക്തതയ്ക്കായി ചോദ്യം ആവര്ത്തിക്കുകയാണ്. ഏതെങ്കിലും ക്രിക്കറ്റര് എവിടെയെങ്കിലും വെച്ച് ഭഗവാന് ശിവന്റെയോ ഹനുമാന് ജീയുടെയോ സായ് ബാബയുടെയോ അനുഗ്രഹത്താലാണ് വിജയം എന്ന് പറഞ്ഞിട്ടുണ്ടോ? അങ്ങനെ പറഞ്ഞിരുന്നെങ്കില് എന്താകുമായിരുന്നു', കസ്തൂരി ട്വീറ്റ് ചെയ്തു.
ജമീമയെ ദൈവം അനുഗ്രഹിക്കട്ടെ. എന്നാല് അതിശയിക്കാതിരിക്കാന് തനിക്കാകുന്നില്ല. ആരെങ്കിലും ജയ് ശ്രീറാം എന്നോ ഹര ഹര മഹാദേവ് എന്നോ പറഞ്ഞിരുന്നെങ്കില് എന്താകുമായിരുന്നു പ്രതികരണം. ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ? എന്നും കസ്തൂരി ചോദിക്കുന്നു.
'ഞാന് ദൈവത്തിന് നന്ദി പറയുന്നു. എനിക്ക് ഇത് സ്വന്തമായി ചെയ്യാന് കഴിയുമായിരുന്നില്ല. എന്റെ അമ്മയ്ക്കും അച്ഛനും കോച്ചിനും എന്നില് വിശ്വസിച്ച ഓരോ വ്യക്തിക്കും നന്ദി. കഴിഞ്ഞ മാസം ഏറെ ബുദ്ധിമുട്ടിലൂടെ താന് കടന്നുപോയി. ഈ വിജയം ഒരു സ്വപ്നം പോലെ തോന്നുന്നു. എനിക്കിപ്പോഴും അത് ഉള്ക്കൊള്ളാന് കഴിഞ്ഞിട്ടില്ല,' എന്നായിരുന്നു വിജയത്തിന് പിന്നാലെ ജമീമ പ്രതികരിച്ചത്.
കഴിഞ്ഞവര്ഷം പിതാവ് ഇവാന് റോഡ്രിഗസ് മതപ്രചരണവും മതപരിവര്ത്തനവും നടത്താന് ക്ലബിനെ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് മുംബൈയിലെ ഏറ്റവും പഴയതും പ്രശസ്തവുമായ ക്ലബായ ഖാര് ജിംഖാനയില് നിന്നും പുറത്താക്കിയിരുന്നു. ക്ലബ്ബിന്റെ ഹാള് വാടകയ്ക്കെടുത്ത് മതപ്രചരണ പരിപാടികള് സംഘടിപ്പിച്ചുവെന്നായിരുന്നു പ്രധാന ആരോപണം.
Content Highlights: bjp Leader kasturi against jemimah rodrigues