ന്യൂഡല്ഹി: തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസില് ചീഫ് സെക്രട്ടറിമാര് നേരിട്ടുതന്നെ ഹാജരാകണമെന്ന് സുപ്രീംകോടതിയുടെ കര്ശന നിര്ദേശം. ചീഫ് സെക്രട്ടറിമാരെ ഓണ്ലൈനായി ഹാജരാകാന് അനുവദിക്കണമെന്ന കേന്ദ്ര സര്ക്കാരിന്റെ അഭ്യര്ത്ഥന സുപ്രിംകോടതി തള്ളി.
എന്തുകൊണ്ട് സത്യവാങ്മൂലം നല്കിയില്ലെന്ന് ചീഫ് സെക്രട്ടറിമാര് നേരിട്ട് വിശദീകരിക്കണമെന്നാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവര് ഉള്പ്പെട്ട ബെഞ്ചിന്റെ നിര്ദേശം. തദ്ദേശ, സംസ്ഥാന സര്ക്കാരുകള് പരിഹരിക്കേണ്ട വിഷയമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. സുപ്രീംകോടതിയുടെ നിര്ദേശങ്ങളിന്മേല് ചീഫ് സെക്രട്ടറിമാര് ഉറങ്ങുകയാണ്. ഉത്തരവ് പാലിക്കാന് ചീഫ് സെക്രട്ടറിമാര് തയ്യാറാകുന്നില്ലെന്നും സുപ്രീംകോടതി വിമര്ശിച്ചു.
കേരളം ഉള്പ്പടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര് തിങ്കളാഴ്ചയാണ് സുപ്രീംകോടതിയില് നേരിട്ട് ഹാജരായി വിശദീകരണം നല്കേണ്ടത്. പശ്ചിമ ബംഗാള്, തെലങ്കാന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്ക്ക് മാത്രമാണ് നേരിട്ട് ഹാജരാകുന്നതില് സുപ്രീംകോടതി ഇളവ് നല്കിയത്.
Content Highlight; Stray dog issue: Supreme Court directs Chief Secretaries to appear in person