'അഴിമതിയുടെ യുവരാജാക്കന്മാർ; നൽകിയത് വ്യാജവാഗ്ദാനങ്ങൾ'; ബിഹാറിൽ രാഹുലിനും തേജസ്വിക്കുമെതിരെ നരേന്ദ്ര മോദി

ബിഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് ഭരണം ജംഗിള്‍ രാജ് ആയിരുന്നുവെന്നും മോദി

പാട്‌ന: ബിഹാറില്‍ കളം പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും ആര്‍ജെഡി നേതാവ് തേജസ്വി യാദവിനുമെതിര ആഞ്ഞടിച്ചാണ് മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. രാഹുലും തേജസ്വിയും അഴിമതിയുടെ യുവരാജാക്കന്മാരാണെന്ന് മോദി പറഞ്ഞു. ആര്‍ജെഡിയും കോണ്‍ഗ്രസും ബിഹാറിലെ ജനങ്ങള്‍ക്ക് നല്‍കിയത് വ്യാജവാഗ്ദാനങ്ങളും വഞ്ചനയും മാത്രമാണ്. ഇവര്‍ക്ക് ബിഹാറില്‍ ഒരിക്കലും വികസനം കൊണ്ടുവരാന്‍ കഴിയില്ല. എന്‍ഡിഎ ബിഹാറില്‍ വികസനം കൊണ്ടുവരുമെന്നും മോദി പറഞ്ഞു. മുസാഫര്‍പൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ രണ്ട് യുവ നേതാക്കള്‍ അവരെ കാണുന്നത് യുവരാജാക്കന്മാരായാണ്. ഇരുവരും ബിഹാറില്‍ വ്യാജ വാഗ്ദാനങ്ങളുടെ കട തുറന്നിരിക്കുകയാണ്. ഒരാള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഴിമതി കുടുംബത്തില്‍ നിന്നുള്ള ആളാണ്. രണ്ടാമന്‍ ബിഹാറിലെ ഏറ്റവും വലിയ അഴിമതി കുടുംബത്തില്‍ നിന്നുള്ള ആളും. ഇരുവരും ആയിരം കോടിയിലധികം വരുന്ന തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് നിലവില്‍ ജാമ്യത്തിലാണെന്നും മോദി പറഞ്ഞു.

ബിഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് ഭരണം ജംഗിള്‍ രാജ് ആയിരുന്നുവെന്നും മോദി പറഞ്ഞു. ആര്‍ജെഡി നേതാക്കള്‍ കാര്‍ ഷോറൂമുകള്‍ കൊള്ളയടിച്ചു. ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും ദുഷ്പ്രവര്‍ത്തികള്‍ കാരണം ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരായി. അഴിമതിയുള്ളിടത്ത് സാമൂഹിക നീതി ഉണ്ടാകില്ല. ദരിദ്രരുടെ അവകാശങ്ങളെയാണ് ആര്‍ജെഡി കൊള്ളയടിച്ചത്. ഇവര്‍ക്ക് ബിഹാറിന് നന്മ ചെയ്യാന്‍ കഴിയില്ല. ബിഹാറിലെ യുവാക്കള്‍ ഇനി ജോലിക്കായി പുറത്തേക്ക് പോകേണ്ടി വരില്ല. യുവാക്കള്‍ക്ക് എന്‍ഡിഎ സര്‍ക്കാര്‍ അവസരം ഉറപ്പാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ മുസാഫര്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദിക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. വോട്ട് ലഭിക്കാന്‍ മോദി വേണമെങ്കില്‍ നൃത്തംവരെ ചെയ്യുമെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. നരേന്ദ്ര മോദിയുടെ നാടകത്തില്‍ വഞ്ചിതരാകരുതെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഛഠ് പൂജയുമായി ബന്ധപ്പെട്ട് മോദി നടത്തിയത് നാടകമാണെന്നും അവിടെ സൃഷ്ടിച്ച ജലാശയത്തിന്റെ യഥാര്‍ത്ഥ രൂപം പുറത്തുവന്നപ്പോള്‍ മോദി ഞെട്ടിപ്പോയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

To advertise here,contact us