ബെംഗളൂരുവില്‍ ഭക്ഷണവിതരണ ജീവനക്കാരനെ കാറിടിച്ച് കൊന്നു; മലയാളി ദമ്പതികള്‍ അറസ്റ്റില്‍

റോഡിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് യാത്രികനായ ഭക്ഷണവിതരണ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍. ദര്‍ശനെന്ന യുവാവ് കൊല്ലപ്പെട്ടതിലാണ് മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാര്‍, ഭാര്യ ആരതി ശര്‍മ എന്നിവര്‍ അറസ്റ്റിലായത്. റോഡിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. റോഡപകടം എന്നു കരുതിയ സംഭവം സിസിടിവി പരിശോധനയിലാണ് ക്രൂരമായ കൊലപാതകമാണെന്ന് കണ്ടെത്തിയത്.

പുട്ടണ ഹള്ളി ശ്രീരാമ ലേഔട്ടില്‍ ഒക്ടോബര്‍ 25നായിരുന്നു സംഭവം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ജോലിക്കാരനായ ദര്‍ശനാണ് കൊല്ലപ്പെട്ടത്. ദര്‍ശന്റെ സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മനോജ് കുമാറും ഭാര്യ ആരതിയും സഞ്ചരിച്ചിരുന്ന കാറിന്റെ കണ്ണാടിയില്‍ ദര്‍ശന്റെ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനൊടുവില്‍ ക്ഷമാപണം നടത്തിയ ദര്‍ശന്‍ ഭക്ഷണവിതരണത്തിനായി പോയെങ്കിലും മനോജ് കുമാര്‍ ബൈക്കിനെ പിന്തുടര്‍ന്ന് അമിത വേഗതയില്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ദര്‍ശനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡപകടമെന്ന് കരുതിയ സംഭവത്തില്‍ ദര്‍ശന്റെ സഹോദരി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അപകടത്തിന് മിനിറ്റുകള്‍ക്ക് മുന്‍പ് ബൈക്ക് യാത്രക്കാരനുമായി ദമ്പതികള്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ബൈക്കില്‍ ഇടിച്ചപ്പോള്‍ ഇളകി വീണ കാറിന്റെ ചില ഭാഗങ്ങള്‍ എടുക്കാനായി ഇരുവരും തിരികെ സ്ഥലത്തെത്തിയതും സിസിടിവിയില്‍ പതിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Content Highlights: Kalaripayattu trainer from Kerala and his wife arrested in Bengaluru for fatally hitting delivery boy with their car

To advertise here,contact us