സിസിടിവി തൂക്കിയല്ലോ നാഥാ; ഭോപ്പാലിൽ പൊലീസുകാരി സുഹൃത്തിന്റെ വീട്ടിൽ നിന്ന് 2 ലക്ഷം രൂപയും ഫോണും മോഷ്ടിച്ചു

ഇവർ ഒളിവിലാണ്

ഭോപ്പാല്‍: സുഹൃത്തിന്റെ വീട്ടില്‍ നിന്നും രണ്ടുലക്ഷം രൂപയും മൊബൈല്‍ ഫോണും മാഷ്ടിച്ച സംഭവത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി. ഭോപ്പാലിലെ ജഹാംഗിരാബാദ് പ്രദേശത്താണ് സംഭവം. വനിതാ ഡെപ്യൂട്ടി സൂപ്രണ്ട് (ഡിഎസ്പി) കല്‍പ്പന രഘുവംശിയാണ് പ്രമീളയെന്ന സുഹൃത്തിന്റെ വീട്ടില്‍ നിന്നും പണവും ഫോണും അടിച്ചുമാറ്റിയത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജഹാംഗിരാബാദില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രമീളയും ഡിഎസ്പി കല്‍പ്പന രഘുവംശിയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാനായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രമീള രണ്ട് ലക്ഷം രൂപ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ഇവര്‍ കുളിക്കാന്‍ പോയി വന്നപ്പോഴാണ് പണവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

സംശയം തോന്നിയ പ്രമീള തന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് തന്റെ സുഹൃത്ത് കല്‍പ്പന രഘുവംശി ബാഗ് എടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങുന്നത് കണ്ടത്. ഉടന്‍ തന്നെ അവര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഒപ്പം സിസിടിവി ദൃശ്യങ്ങളും നല്‍കി.

ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കല്‍പന പണവുമായി മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഡിഎസ്പിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നാലെ കല്‍പന ഒളിവില്‍ പോയി. ഇവരുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പ്രമീളയ്ക്ക് നഷ്ടമായ മൊബൈല്‍ഫോണ്‍ കണ്ടെത്തി. എന്നാല്‍ രണ്ടുലക്ഷം രൂപ കണ്ടെത്താനായില്ല.

Content Highlights: Bhopal cop steals Rs 2 lakh and phone from friend's home

To advertise here,contact us