37 വര്‍ഷം മുന്‍പ് ടിടിഇയെ റെയില്‍വേ പിരിച്ചു വിട്ടു; തിരിച്ചെടുക്കാന്‍ ഇന്നലെ സുപ്രീം കോടതി വിധി, പക്ഷെ..

സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്

ന്യൂഡല്‍ഹി: കൈകൂലിവാങ്ങിയത് ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി മുപ്പത്തിയേഴ് വര്‍ഷം മുമ്പ് ടിക്കറ്റ് പരിശോധകനെ പിരിച്ചുവിട്ട റെയില്‍വേ നടപടി സുപ്രിംകോടതി റദ്ദാക്കി. വര്‍ഷങ്ങളായി നീണ്ട കോടതി വ്യവഹാരങ്ങള്‍ക്കിടെ മരിച്ചുപോയ ടിടിഇയ്ക്ക് അര്‍ഹമായ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും അദ്ദേഹത്തിന്റെ നിയമപരമായ അവകാശികള്‍ക്ക് മൂന്ന് മാസത്തിനകം നല്‍കാനും സുപ്രിംകോടതി ഉത്തരവിട്ടു.

ദാദര്‍ നാഗ്പൂര്‍ എക്‌സ്പ്രസില്‍ 1988-ല്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയിലാണ് ടിടിഇ ആയിരുന്ന വിഎം സൗദാഗറിനെ പിടിക്കൂടിയത്. യാത്രക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങി,വ്യാജ ഡ്യൂട്ടി പാസുകള്‍ ഉണ്ടാക്കി എന്നീ കുറ്റങ്ങളാണ് ടിടിഇയ്ക്ക് എതിരെ ചുമത്തിയത്. ഇതിന്റെ തുടര്‍ച്ചയായി 1996-ല്‍ ടിടിഇയെ റെയില്‍വേ പിരിച്ചുവിട്ടു. എന്നാല്‍ 2002-ല്‍ ഈ നടപടി കേന്ദ്ര അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു.

കേന്ദ്ര അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണലിന്റെ ഈ നീക്കത്തിന് എതിരെ റെയില്‍വേ അപ്പീല്‍ നല്‍കി. ഇതിന്റെ ഭാഗമായി ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കി. തുടര്‍ന്ന് ബോംബെ ഹൈകോടതിയുടെ നടപടി ചോദ്യം ചെയ്ത് ടിടിഇ 2019-ല്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.കേന്ദ്ര അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് ശരിവച്ച സുപ്രീംകോടതി ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചാണ് ടിടിഇയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് ഉത്തരവിറക്കിയത്.

Content Highlights: Supreme Court quashed Railways' move to abolish ticket inspector thirty years ago

To advertise here,contact us