വിശാഖപട്ടണം: മൊന്ത ചുഴലിക്കാറ്റ് ഇന്ന് കരതൊടാന് ഇരിക്കെ വിവിധ സംസ്ഥാനങ്ങള് അതീവ ജാഗ്രതയില്. നിരവധി ട്രെയിന് സര്വീസുകള് റദ്ദാക്കിയതായി സൗത്ത് സെന്ട്രല് റെയില്വേ അറിയിച്ചു. പാസഞ്ചര് ട്രെയിനുകളും എക്സ്പ്രസ് ട്രെയിനുകളും റെയില്വേ റദ്ദാക്കിയ കൂട്ടത്തിലുണ്ട്. ഇന്ന് ജാര്ഗണ്ഡിലെ ടാറ്റാ നഗറില് നിന്നും പുറപ്പെട്ട ടാറ്റാ നഗര്-എറണാകുളം എക്സ്പ്രസ് റായ്പൂര് വഴി തിരിച്ചുവിട്ടു. ആന്ധ്രയിലെ വിജയവാഡ, രാജമുന്ദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകളാണ് പ്രധാനമായും റദ്ദാക്കിയത്.
ചുഴലിക്കാറ്റ് മുന്ക്കരുതലിന്റെ ഭാഗമായി നാളെയും പല ട്രെയിനുകളും സര്വീസ് നടത്തില്ല. കാലാവസ്ഥ മെച്ചപ്പെട്ട ശേഷം വിശദമായ സുരക്ഷാ വിലയിരുത്തല് കഴിഞ്ഞേ റദ്ദാക്കിയ ട്രെയിന് ഓടി തുടങ്ങൂ എന്ന് അധികൃതര് അറിയിച്ചു. മുന്കരുതല് നടപടിയുടെ ഭാഗമായി ഈസ്റ്റ് കോസ്റ്റ് റെയില്വേ ഒഡീഷ-ആന്ധ്ര റൂട്ടിലെ നിരവധി സര്വീസുകളും നിര്ത്തിവച്ചിരിക്കുകയാണ്.
അതേസമയം വിമാന സര്വീസുകളെയും മൊന്ത ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള പ്രതികൂല കാലാവസ്ഥ ബാധിച്ചു. മോശം കാലാവസ്ഥ കാരണം വിശാഖപട്ടണം വിമാനത്താവളത്തില് നിന്നുള്ള ഇന്ഡിഗോ, എയര് ഇന്ത്യ എക്സ്പ്രസ് കമ്പനികളുടെ എല്ലാ വിമാന സര്വീസുകളും റദ്ദാക്കിയതായി അറിയിച്ചു. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് യാത്ര ചെയ്യുന്ന വിമാനങ്ങളുടെ തത്സ്ഥിതി പരിശോധിക്കണമെന്നും നിര്ദേശമുണ്ട്.
Content Highlights:due to cyclone Monta trains and flights got cancelled