വിദ്യാർത്ഥിനിയുടെ പിതാവ് പീഡിപ്പിച്ചതിലുള്ള പ്രതികാരം; ഡൽഹിയിലെ ആസിഡ് ആക്രമണത്തിൽ പ്രതിയുടെ ഭാര്യ; വഴിത്തിരിവ്

ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ലക്ഷ്മിഭായ് കോളേജിലെ വിദ്യാര്‍ത്ഥിനിക്ക് നേരെയായിരുന്നു ആസിഡ് ആക്രമണം

ഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ വഴിത്തിരിവ്. വിദ്യാര്‍ത്ഥിനിയുടെ പിതാവ് ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി പ്രതിയുടെ ഭാര്യ രംഗത്തെത്തി. വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിലെ മുഖ്യപ്രതി ജിതേന്ദറിന്റെ ഭാര്യയാണ് ആരോപണവുമായി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥിനിയുടെ പിതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നും അതിന്റെ പ്രതികാരമായാണ് ആസിഡ് ആക്രമണം നടത്തിയതെന്നുമാണ് പ്രതിയുടെ ഭാര്യ പറഞ്ഞത്. ആക്രമണത്തിന് പിന്നാലെ ജിതേന്ദര്‍ അടക്കം മൂന്ന് പ്രതികള്‍ ഒളിവിലാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബല്‍സ്വ പൊലീസ് സ്റ്റേഷനില്‍ ജിതേന്ദറിന്റെ ഭാര്യ ഒരു പരാതിയുമായി സമീപിച്ചിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പിതാവ് അശ്ലീല ചിത്രങ്ങള്‍ അയച്ചെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവതി പൊലീസ് സ്റ്റേഷനില്‍ സമീപിച്ചത്. ഇന്നലെ ആസിഡ് ആക്രമണത്തിന് ശേഷം യുവതി മറ്റൊരു പരാതിയുമായി വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി. വിദ്യാര്‍ത്ഥിനിയുടെ പിതാവ് പീഡിപ്പിച്ചെന്നും അശ്ലീല ചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചുനല്‍കിയെന്നുമായിരുന്നു ആരോപണം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചുവരികയാണ്.

ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ലക്ഷ്മിഭായ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ 20കാരിക്കെതിരെയായിരുന്നു ആസിഡ് ആക്രമണം നടന്നത്. സ്‌പെഷ്യല്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി കോളേജിലേക്ക് പോകുകയായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ ഇഷാന്‍, അര്‍മാന്‍ എന്നിവര്‍ക്കൊപ്പം ജിതേന്ദര്‍ സ്ഥലത്തേയ്ക്ക് എത്തി. അര്‍മാന്‍ കൈയിലുണ്ടായിരുന്ന ആസിഡ് കുപ്പി പെണ്‍കുട്ടിക്ക് നേരെ എറിയുകയായിരുന്നു. പെണ്‍കുട്ടി കൈകള്‍ കൊണ്ട് മുഖം പൊത്തി. ഇതോടെ കൈകള്‍ക്ക് സാരമായ പൊള്ളലേറ്റു. ഒരു മാസം മുന്‍പ് പെണ്‍കുട്ടിയും ജിതേന്ദ്രറും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Content Highlights- Twist in delhi acid attack case

To advertise here,contact us