തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം നാളെ; കേരളത്തിലടക്കം എസ്‌ഐആർ തീയതി പ്രഖ്യാപിച്ചേക്കും

എസ്‌ഐആർ നീട്ടി വെക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് കേരളം ആവശ്യപ്പെട്ടിരുന്നു

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം നാളെ വൈകിട്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ (എസ്‌ഐആർ) തീയതി പ്രഖ്യാപിച്ചേക്കും. നാളെ വൈകിട്ട് 4.15-ന് വിഗ്യാൻ ഭവനിലാണ് വാർത്താസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

എസ്‌ഐആർ നീട്ടി വെക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ നവംബർ ഒന്ന് മുതൽ ആരംഭിക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. കേരളത്തിന് പുറമേ പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും എസ്‌ഐആർ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ബംഗാളിൽ ഇത് സംബന്ധിച്ച ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

നേരത്തെ എസ്ഐആറിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചിരുന്നു. ദീർഘകാല തയ്യാറെടുപ്പും കൂടിക്കാഴ്ചയും ആവശ്യമായ എസ്ഐആർ തിടുക്കത്തിൽ നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയനിഴലിൽ ആക്കിയിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

രേഖകൾ ഇല്ലെന്നതിന്റെ പേരിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടന അവകാശത്തിന്റെ ലംഘനമാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടിയിൽനിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്നുമായിരുന്നു മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞത്. വോട്ടർപട്ടികയിൽനിന്നും ആളുകളെ യുക്തിരഹിതമായാണ് ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

Content Highlights: EC to announce all-India SIR of voters' list on Monday

To advertise here,contact us