ജമ്മുകശ്മീര്‍;മൂന്ന് രാജ്യസഭ സീറ്റുകളില്‍ വിജയിച്ച് നാഷണല്‍കോണ്‍ഫറന്‍സ്,ക്രോസ് വോട്ടിംഗില്‍ ഒരു സീറ്റ് ബിജെപി

ബിജെപി വിജയം കുതിരക്കച്ചവടത്തിലൂടെയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു.

ജമ്മു: ജമ്മു കശ്മീരിലെ നാല് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സിനും ബിജെപിക്കും വിജയം. മൂന്ന് സീറ്റുകളിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് വിജയിച്ചത്. വിജയിക്കാനുള്ള അംഗ സംഖ്യ ഇല്ലാതിരുന്നിട്ടും ഒരു സീറ്റിലാണ് ബിജെപി നാടകീയ വിജയം സ്വന്തമാക്കിയത്.

മുതിര്‍ന്ന മൂന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളാണ് രാജ്യസഭ സീറ്റുകളില്‍ വിജയിച്ചത്. മുന്‍ മന്ത്രിമാരായ ചൗധരി മുഹമ്മദ് റംസാന്‍, സജ്ജാദ് അഹമ്മദ് കിച്ച്‌ലൂ, പാര്‍ട്ടി ഖജാന്‍ജി ഗുര്‍വീന്ദര്‍ സിങ് ഒബ്‌റോയ് എന്നിവരാണ് വിജയിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സാത് ശര്‍മ്മയാണ് നാലാമത് സീറ്റില്‍ വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ഇമ്രാന്‍ നബി ദറിനെയാണ് പരാജയപ്പെടുത്തിയത്.

90 അംഗ നിയമസഭയില്‍ നിലവിലെ 88 അംഗങ്ങളാണ് തെരഞ്ഞെടുപ്പിനായി ഹാജരായത്.

റംസാന് 58 വോട്ടും കിച്ച്‌ലൂവിന് 57 വോട്ടുകളുമാണ് യഥാക്രമം ലഭിച്ചത്. ബിജെപിക്ക് നിയമസഭയില്‍ 28 എംഎല്‍എമാരാണുള്ളത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയായ സാത് ശര്‍മ്മ 32 വോട്ടുകള്‍ നേടിയതോടെയാണ് വിജയിക്കാന്‍ കഴിഞ്ഞത്.

ബിജെപി വിജയം കുതിരക്കച്ചവടത്തിലൂടെയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു. തങ്ങളുടെ എംഎല്‍എമാരല്ല വോട്ട് മാറ്റി ചെയ്തതെന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരാണെന്നും പറഞ്ഞു.

നാഷണല്‍ കോണ്‍ഫറന്‍സിന് 41 എംഎല്‍എമാരാണുള്ളത്. സഖ്യത്തെ പിന്തുണക്കുന്ന കോണ്‍ഗ്രസിന് ആറ്, പിഡിപിക്ക് മൂന്ന്, അവാമി ഇത്തിഹാദ് പാര്‍ട്ടിക്കും സിപിഐഎമ്മിനും ഓരോ എംഎല്‍എയുമാണുള്ളത്. അഞ്ച് സ്വതന്ത്രരും ഒമര്‍ അബ്ദുല്ല സര്‍ക്കാരിന്റെ ഭാഗമാണ്.ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് അദ്ധ്യക്ഷന്‍ സജ്ജാദ് ലോണ്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ആപ് എംഎല്‍എ മെഹ്‌റാജ് മാലിക് ജയിലിലായതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

Content Highlights: National Conference wins 3 seats, BJP bags 1 in J&K Rajya Sabha polls

To advertise here,contact us