പാട്ന: ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടിക പുറത്ത് വിട്ട് സമാജ്വാദി പാര്ട്ടി. പാര്ട്ടി അധ്യക്ഷന് അഖിലേഷ് യാദവ്, മുതിര്ന്ന നേതാവ് അസം ഖാന്, ഡിംപിള് യാദവ് തുടങ്ങിയവര് പ്രചരണത്തിനായി ബിഹാറില് എത്തും. കഴിഞ്ഞ ദിവസമാണ് 20 താരപ്രചാരകരുടെ പട്ടിക സമാജ്വാദി പാര്ട്ടി പുറത്ത് വിട്ടത്. എന്നാല് മുതിര്ന്ന നേതാക്കളായ രാം ഗോപാല് യാദവിനെയും ശിവ്പാല് സിങ് യാദവിനെയും താരപ്രചരകരില് ഉള്പ്പെടുത്താത്തതില് പാര്ട്ടിക്കുള്ളില് മുറുമുറുപ്പ് ഉയരുന്നുണ്ട്.
രാജ്യസഭാ എംപി കിരണ്മയ് നന്ദ, മുതിര്ന്ന നേതാവ് അഫ്സല് അന്സാരി, ആവ്ദേശ് പ്രസാദ്, നരേഷ് ഉത്തം പട്ടേല്, ലാല്ജി വര്മ, ബാബു സിങ് കുഷ്വാഹ, ഓം പ്രകാശ് സിങ്, പ്രിയ സരോജ്, ഇക്റ ഹസന്, ചോട്ടെലാല് ഖര്വാര്, തേജ് പ്രതാപ് സിങ് യാദവ്, ധര്മേന്ദ്ര സൊലാങ്കി എന്നിവരും താരപ്രചാരകരില് ഉള്പ്പെടുന്നു.
ബിഹാറില് തെരഞ്ഞെടുപ്പ് പ്രചരണം ചൂടേറുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്ശനവുമായി ഇന്ഡ്യാ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥി തേജസ്വി യാദവ് രംഗത്തെത്തി. തേജസ്വിക്കെതിരായ കോടതിക്കേസുകള് ഉയര്ത്തിയുള്ള പ്രചരണത്തിനെതിരെയായിരുന്നു മറുപടി. നിതീഷ് കുമാറിനെതിരെ പ്രധാനമന്ത്രി തന്നെ 55 അഴിമതികള് പുറത്തുവിട്ടിരുന്നുവെന്നും അതിലെന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു.
എന്ഡിഎ വിജയിച്ചാല് നിതീഷ് കുമാര് മുഖ്യമന്ത്രിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ബിഹാറിനെ വഞ്ചിക്കുകയാണെന്നും മോദി ബിഹാറില് സംസാരിച്ചത് നെഗറ്റീവ് കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 'ഗുജറാത്തിന് നല്കിയതില് ഒരു ശതമാനം പോലും ബിഹാറിന് നല്കിയില്ല. പക്ഷേ ബിഹാറില് അധികാരം വേണം. ബിഹാറിലെ ജനങ്ങള് മാറ്റം ആഗ്രഹിക്കുന്നു. പിന്നാക്ക വിഭാഗങ്ങളെ ബിജെപി അവഗണിക്കുന്നു. ഏകാധിപത്യത്തിന് എതിരെ ശക്തമായ പോരാട്ടം തുടരും', തേജസ്വി യാദവ് പറഞ്ഞു.
അതേസമയം ഖഗരിയയിലെ തേജസ്വി യാദവിന്റെ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലി പ്രദേശത്ത് നടക്കുന്നതിനാലെന്ന് ആര്ജെഡി. എന്ഡിഎക്ക് പരാജയ ഭയമാണെന്ന് തേജസ്വി യാദവ് പറഞ്ഞു.
Content Highlights: Bihar Election Tejaswi Yadav against PM Narendra Modi