'സ്‌കൂൾ വിദ്യാഭ്യാസം പരിവർത്തനം ചെയ്യുന്നതിലെ സുപ്രധാന നാഴികക്കല്ല്': പിഎം ശ്രീയിൽ കേരളത്തിന് അഭിനന്ദനം

'വിദ്യാര്‍ത്ഥികളെ ശോഭനമായ ഭാവിക്കായി സജ്ജമാക്കുന്ന ഗുണനിലവാരമുളള സമഗ്രമായ വിദ്യാഭ്യാസം നല്‍കുന്നതില്‍ ഒരുമിച്ച് പ്രതിജ്ഞാബദ്ധരായി തുടരാം'

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ച കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ പരിവര്‍ത്തനം നടത്തുന്നതിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഇതെന്നും അടിസ്ഥാന വികസന സൗകര്യങ്ങളും സ്മാര്‍ട്ട് ക്ലാസ് മുറികളും ഉള്‍പ്പെടെ മികവിന്റെ കേന്ദ്രങ്ങളായി സ്‌കൂളുകളെ വികസിപ്പിക്കുന്നതില്‍ ഒരുമിച്ച് പ്രതിജ്ഞാബദ്ധരായി തുടരുമെന്നും കേന്ദ്രം അറിയിച്ചു. നൂതന ആശയങ്ങളെ പരിപോഷിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ ശോഭനമായ ഭാവിക്കായി സജ്ജമാക്കുകയും ചെയ്യുന്ന സമഗ്ര വിദ്യാഭ്യാസം നല്‍കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

'സംസ്ഥാനത്തുടനീളം പിഎം ശ്രീ (പ്രൈം മിനിസ്റ്റര്‍ സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ) നടപ്പിലാക്കാനുളള ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് കേരളാ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ പരിവര്‍ത്തനം നടത്തുന്നതിലെ ഒരു പ്രധാന നാഴികകല്ലാണ് ഇത്. അടിസ്ഥാന സൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി നൈപുണ്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ എന്നിവയുളള മികവിന്റെ കേന്ദ്രങ്ങളായി സ്‌കൂളുകളെ വികസിപ്പിക്കുന്നതില്‍ ഒരു പ്രധാന നാഴികക്കല്ലാണ് ഈ നീക്കം. നൂതന ആശയങ്ങളെ പരിപോഷിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ ശോഭനമായ ഭാവിക്കായി സജ്ജമാക്കുകയും ചെയ്യുന്ന ഗുണനിലവാരമുളള സമഗ്രമായ വിദ്യാഭ്യാസം നല്‍കുന്നതില്‍ ഒരുമിച്ച് പ്രതിജ്ഞാബദ്ധരായി തുടരാം': കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചാണ് സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത്. ഇതോടെ പിഎം ശ്രീയില്‍ ഭാഗമാകുന്ന 34ാമത്തെ സര്‍ക്കാരായി കേരളം മാറി. തടഞ്ഞുവച്ച ഫണ്ട് ഉടന്‍ നല്‍കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. 1,500 കോടി രൂപ ആദ്യ ഗഡുവായി ഉടന്‍ സംസ്ഥാനത്തിന് കൈമാറും. പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ പരസ്യമായി തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. ഇടതുമുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം ആവര്‍ത്തിച്ചുറപ്പിച്ച് പറഞ്ഞു.

Content Highlights: Ministry of Education India congratulate Kerala for Signing IN PM SHRI

To advertise here,contact us