പട്ന: ബിഹാറില് സമൂസയെ ചൊല്ലിയുണ്ടായ തര്ക്കത്തെ തുടര്ന്ന് വയോധികനെ വടിവാളിന് വെട്ടിക്കൊന്നു. ഭോജപൂര് ജില്ലയിലെ കൗലോദിഹാരി ഗ്രാമത്തിലെ ചന്ദ്രമ യാദവ് എന്ന 65കാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ചന്ദ്രമയുടെ ഗ്രാമത്തിലെ ഒരു കുട്ടി സമൂസ വാങ്ങാന് കടയില് പോവുകയും കടയില് വച്ച് മറ്റു കുട്ടികളുമായി തര്ക്കമുണ്ടാവുകയും ചെയ്തിരുന്നു. മറ്റ് കുട്ടികള് ചേര്ന്ന് അവന്റെ സമൂസ തട്ടിയെടുക്കുകയും ആക്രമിക്കുകയും ചെയ്തു. കുട്ടിയെ ഉപദ്രവിച്ചത് ചോദിക്കാന് പോയതായിരുന്നു ചന്ദ്രമ. എന്നാല് തര്ക്കം മുറുകിയതോടെ കടയിലുണ്ടായിരുന്ന സ്ത്രീ വടിവാള് ഉപയോഗിച്ച് ചന്ദ്രമയുടെ തലയില് ആഞ്ഞ് വെട്ടുകയായിരുന്നു.
ഞായറാഴ്ച്ചയായിരുന്നു സംഭവം. പരിക്കേറ്റ ചന്ദ്രമയെ ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില് പൊലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വയോധികനെ ആക്രമിച്ച സ്ത്രീ ഒളിവിലാണെന്നും ഇവര്ക്കായി തിരച്ചില് ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Content Highlight; Elderly man killed in Bihar following dispute over samosas