ന്യൂ ഡല്ഹി: വായുമലിനീകരണം ശ്വാസം മുട്ടിച്ച ഡല്ഹിയില് കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതി അനിശ്ചിതത്തില്. ക്ലൗഡ് ഇല്ലാതെ ക്ലൗഡ് സീഡിങ് നടത്തുന്നതെങ്ങനെ എന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള് പരിസ്ഥിതി മന്ത്രി മഞ്ജീന്ദര് സിങ് സിര്സയുടെ പ്രതികരണം. ഹരിത പടക്കം പൊട്ടിക്കാന് സുപ്രീം കോടതി അനുമതി നല്കിയതിന് പിന്നാലെയായിരുന്നു ദിപാവലി കഴിഞ്ഞാലുടന് കൃത്രിമ മഴ പെയ്യിക്കുമെന്ന് വാര്ത്താസമ്മേളനത്തില് മന്ത്രി പറഞ്ഞത്.
കഴിഞ്ഞ ദിവസം മീററ്റിലെത്തി മന്ത്രി കൃത്രിമ മഴ പെയ്യിക്കാനുള്ള ഒരുക്കങ്ങള് വിലയിരുത്തിയിരുന്നു. എന്നാല് കാലാവസ്ഥ മാറി മഴ കനത്തത് കൃത്രിമ മഴയ്ക്കുള്ള സാധ്യതയില്ലാതെയാക്കി. ക്ലൗഡ് സീഡിങിനുള്ള ഉപകരണങ്ങളുമായി ദിവസങ്ങളായി മീററ്റില് രണ്ട് വിമാനങ്ങള് കാത്തുകിടക്കുകയാണ്. നിശ്ചിത സമയത്തിന് ശേഷം പടക്കം പൊട്ടിച്ചവരും, പഞ്ചാബില് പാടത്ത് തീയിടാന് കര്ഷകരെ ആം ആദ്മി പാര്ട്ടി നിര്ബന്ധിച്ചതുമാണ് വായുമലിനീകരണം രൂക്ഷമായതിന് കാരണം എന്ന് മന്ത്രി പറഞ്ഞു. എഎപി മതവികാരം വച്ച് രാഷ്ടീയം കളിക്കുകയാണെന്നും മഞ്ജീന്ദര് സിങ് ആരോപിച്ചു.
എന്നാല്, കൃത്രിമ മഴയുടെ പേരില് ബിജെപി സര്ക്കാര് ജനങ്ങളെ പറഞ്ഞുപറ്റിച്ചെന്നാണ് എഎപി സംസ്ഥാന അധ്യക്ഷന് സൗരഭ് ഭരദ്വാജ് തിരിച്ചടിച്ചു. മലിനീകരണം തടയാത്തത് ബിജെപി സര്ക്കാരിന്റെ പരാജയമാണെന്നും പടക്കംപൊട്ടിച്ചതിന്റെ പേരില് ആളുകളെ കുറ്റപ്പെടുത്താനാണ് ബിജെപിയുടെ ശ്രമമെന്നും എഎപി പ്രതികരിച്ചു.
Content Highlights: Plan to bring artificial rain to Delhi postponed