ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ദീപാവലിക്ക് ശേഷം മലിനീകരണം കുറവാണെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞത്. ഡൽഹിക്ക് വേണ്ടി സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മലിനീകരണം തടയുന്നതിൽ സർക്കാർ നിഷ്ക്രിയം എന്ന് ആരോപിച്ച് ആം ആദ്മി രംഗത്തെത്തി.
ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ വായു ഗുണനിലവാര സൂചിക ആയിരത്തിന് മുകളിൽ എന്ന് പറഞ്ഞുകൊണ്ട് ഡൽഹി മന്ത്രി മജിന്ദർ സിർസ തിരിച്ചടിച്ചു. ഡൽഹിയിൽ ഭൂരിഭാഗം ഇടങ്ങളിലും ഇന്നും വായു ഗുണനിലവാര സൂചിക മുന്നൂറിന് മുകളിലാണ്. വായുമലിനീകരണം തടയാൻ കൃത്രിമ മഴ പെയ്യിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് അനുമതി നൽകിയേക്കും. അനുമതി ലഭിച്ച ഉടൻ മഴയുടെ ട്രയൽ നടത്താനാണ് നീക്കം. പദ്ധതിക്കായി മൂന്നര കോടി രൂപ ഡൽഹി സർക്കാർ നേരത്തെ അനുവദിച്ചിരുന്നു.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ ദീപാവലി ആഘോഷങ്ങൾക്ക് കുറഞ്ഞ ഹരിത പടക്കങ്ങളുടെ വിൽപ്പനയ്ക്ക് സുപ്രീംകോടതി ഇത്തവണ അനുമതി നൽകിയിരുന്നു. എന്നാൽ മറ്റ് പടക്കങ്ങളും വ്യാപകമായി വിൽക്കപ്പെട്ടു. സമയനിയന്ത്രണം ലംഘിച്ചുള്ള പടക്കം പൊട്ടിക്കലും മലിനീകരണത്തോത് കൂടുന്നതിന് കാരണമായെന്നും അയൽസംസ്ഥാനങ്ങളിലെ പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നതും മലിനീകരണത്തിന് കാരണമാണെന്നും റിപ്പോർട്ടുകളുണ്ട്.
മോശം വായുവിൽ ദീർഘനേരം സമ്പർക്കം പുലർത്തുന്നത് കാലക്രമേണ ശ്വാസകോശ ശേഷി കുറയ്ക്കുകയുമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ഇതിന് പുറമേ വിട്ടുമാറാത്ത ശ്വസന സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിക്കും. അണുബാധകൾക്കെതിരായ ആളുകളുടെ പ്രതിരോധശേഷി കുറയ്ക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിന് പുറമെ ശ്വാസതടസ്സം, ശ്വാസംമുട്ടൽ, നിര്ത്താത്ത ചുമ എന്നിവയുമുണ്ടാക്കും. ആരോഗ്യമുള്ളവര്ക്ക് പോലും ദീർഘനേരം വായു സമ്പർക്കം പുലർത്തിയാൽ തൊണ്ടവേദന, തലവേദന, ക്ഷീണം എന്നിവയും അനുഭവപ്പെടാം. അതുകൊണ്ട് തന്നെ പുറത്തേക്ക് പോകുമ്പോൾ N95 അല്ലെങ്കിൽ N99 മാസ്ക് ധരിക്കാന് ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. രോഗികൾ വീട്ടിൽ കഴിയണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശിച്ചു.
Content Highlight : Air pollution in Delhi; Rekha Gupta says pollution is less after Diwali than previous years, criticises Aam Aadmi Party