മുംബൈ: മഹാരാഷ്ട്രയില് വൃദ്ധ ദമ്പതികളെ പുലി കടിച്ചുകൊന്നു. കോലാപൂര് ജില്ലയിലാണ് സംഭവം. എഴുപത്തിയഞ്ചുകാരനായ നിനോ കാങ്ക്, ഭാര്യ എഴുപതുകാരിയായ രുക്മിണിഭായ് കാങ്ക് എന്നിവരെയാണ് പുലി ആക്രമിച്ചത്. കഡ്വി ഡാമിന് സമീപമായിരുന്നു സംഭവം. പാതി തിന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള് കണ്ടെത്തിയത്.
കഡ്വി അണക്കെട്ടിന് സമീപം പുല്ലുമേഞ്ഞ ഒരു ഷെഡിലായിരുന്നു ദമ്പതികള് താമസിച്ചിരുന്നത്. ആടുകളെ വളര്ത്തി ഉപജീവനം നടത്തിയിരുന്ന ദമ്പതികള് ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഇവരെ പുലി ആക്രമിച്ചത്. ഇരുവരെയും പുലി വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു.
മൃതദേഹങ്ങള് പാതിഭക്ഷിച്ച ശേഷം പുലി കാടുകയറി. പിറ്റേന്ന് രാവിലെയാണ് ഗ്രാമവാസികള് സംഭവം അറിഞ്ഞത്. ഇവര് വിവരമറിയിച്ചതിനെ തുടര്ന്ന് വനംവകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി. മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിനായി മല്ക്കപ്പൂര് റൂറല് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Elderly couple killed in sleep by leopard in Maharashtra's Kolhapur