'ക്രിസ്തുമതത്തിന് മുന്‍പ് ദീപാവലി ആഘോഷിച്ചിരുന്നു, എന്നിട്ടും ക്രിസ്തുമസിനെക്കുറിച്ച് പ്രസംഗിക്കുകയാണ്'

അഖിലേഷ് യാദവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ രംഗത്ത്

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ രംഗത്ത്. അഖിലേഷിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സനാതന വിരുദ്ധതയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അഖിലേഷിന് വേണമെങ്കില്‍ വത്തിക്കാനില്‍ പോയി ക്രിസ്മസ് ആഘോഷിക്കണമെന്നും ബന്‍സാല്‍ പറഞ്ഞു. ശനിയാഴ്ച്ച, ദീപാവലിക്ക് ലക്ഷക്കണക്കിന് അയോധ്യയില്‍ ലക്ഷക്കണക്കിന് ദീപങ്ങള്‍ തെളിയിക്കാനുള്ള യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബന്‍സാല്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

വിദേശത്തെ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് പഠിക്കാനുണ്ടെന്ന് അഖിലേഷ് യാദവ് പരാമര്‍ശിച്ചിരുന്നു. 'ലോകം മുഴുവന്‍ ദീപാലങ്കൃതമാകും. അത് മാസങ്ങളോളം തുടരും' അഖിലേഷ് യാദവ് പറഞ്ഞിരുന്നു. എന്നാല്‍ എന്തിനാണ് നമ്മള്‍ ദീപവും മെഴുകുതിരിയും വാങ്ങി പണം ചിലവാക്കുന്നതെന്നും അതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യം പോലും എന്താണെന്നും ഈ സര്‍ക്കാരില്‍ നിന്നും ഇതൊന്നും പ്രതീക്ഷിക്കരുതെന്നും സര്‍ക്കാരിനെ പുറത്താക്കിയാല്‍ കൂടുതല്‍ മനോഹരമായ വിളക്കുകള്‍ തങ്ങള്‍ തെളിയിക്കുമെന്നും അഖിലേഷ് പറഞ്ഞിരുന്നു.

ദീപങ്ങളുണ്ടാക്കുന്നവരുടെ സമൂഹത്തെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാല്‍ അഖിലേഷിന്റെ പരാമര്‍ശങ്ങളില്‍ ആശങ്കയുണ്ടെന്നുമായിരുന്നു ബന്‍സാലിന്റെ പ്രതികരണം. 'ദീപങ്ങള്‍ കൊണ്ട് ലോകം മുഴുവന്‍ പ്രകാശപൂരിതമാക്കാന്‍ ആഗ്രഹിക്കുന്നു. ക്രിസ്തുമതം ഉണ്ടാകുന്നതിന് മുന്‍പും ദീപാവലി ആഘോഷിച്ചിരുന്നു, എന്നിട്ടും അദ്ദേഹം ക്രിസ്തുമസിനെക്കുറിച്ച് പ്രസംഗിക്കുകയാണ്. ക്രിസ്തുമസ് രണ്ട് മാസം കഴിഞ്ഞാണ്.' ബന്‍സാല്‍ പറഞ്ഞു.

Content Highlight; VHP Slams Akhilesh Yadav Over His Remarks Linking Diwali and Christmas

To advertise here,contact us