പട്ന: ബിഹാറില് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആദ്യഘട്ട സ്ഥാനാര്ത്ഥിപട്ടിക പുറത്തുവിട്ട് കോണ്ഗ്രസ്. 53 സീറ്റുകളിലെ സ്ഥാനാര്ത്ഥികളെയാണ് കോണ്ഗ്രസ് പ്രഖ്യാപിച്ചത്. ബിഹാര് കോണ്ഗ്രസ് അധ്യക്ഷന് രാജേഷ് റാം കുടുമ്പ മണ്ഡലത്തില് നിന്നാണ് ജനവിധി തേടുക. ശേഷിക്കുന്ന 8 സീറ്റുകളിലും ഉടന് തന്നെ സ്ഥാനാര്ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കോണ്ഗ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങള് അറിയിച്ചു. 243 അംഗ നിയമസഭ മണ്ഡലങ്ങളില് 61 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക. ഇതിൽ 59 സീറ്റുകളിൽ മാത്രമേ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുകയുള്ളൂ. സഖ്യത്തിനൊപ്പം ചേർന്ന ഇന്ത്യ ഇൻക്ലൂസീവ് പാർട്ടിക്കായി രണ്ട് സീറ്റുകൾ നീക്കിവെയ്ക്കണം.
കഴിഞ്ഞ തവണ 19 സീറ്റിൽ മത്സരിച്ച് 12ലും വിജയിച്ച സിപിഐ എംഎലിന് ഇത്തവണ 20 സീറ്റാണുള്ളത്. സിപിഐക്ക് ആറ് സീറ്റും സിപിഐഎമ്മിനു നാലും സീറ്റ് നൽകാനും ധാരണയായി. മുന്നണി വിടുമെന്നു ഭീഷണി മുഴക്കിയ വികാസ്ശീൽ ഇൻസാൻ പാർട്ടിക്ക് 15 സീറ്റാണ് നൽകിയത്. ബാക്കിവരുന്ന 137 സീറ്റുകളിൽ ആർജെഡി തീരുമാനമെടുക്കും. ഘടകക്ഷികൾക്ക് ആർജെഡി സ്വന്തം അക്കൗണ്ടിൽനിന്ന് സീറ്റ് നൽകും.
അതിനിടെ, സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് കോൺഗ്രസ് വക്താവ് ആനന്ദ് മാധവ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. ക്രിമിനലുകൾക്കും പാർട്ടി മാറി എത്തിയവർക്കുമാണ് സ്ഥാനാർത്ഥിത്വം നൽകുന്നതിൽ മുൻഗണന നൽകുന്നതെന്ന് ആനന്ദ് മാധവ് കുറ്റപ്പെടുത്തി. നിയസഭാ സീറ്റ് ലഭിക്കാതിരുന്ന കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധവുമുണ്ടായി. പണം വാങ്ങി പാർട്ടി ടിക്കറ്റ് കച്ചവടം നടത്തി എന്നാരോപിച്ച് സിറ്റിംഗ് എംഎൽഎമാരായ ഛത്രപതി യാദവ്, അഫാഖ് ആലം തുടങ്ങിയ നേതാക്കളാണ് രംഗത്തെത്തിയത്. സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം, നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ, സംസ്ഥാന ചുമതലയുളള കൃഷ്ണ അല്ലാവാരു എന്നിവർക്കെതിരെയാണ് പരാതി.
Content Highlights: Bihar assembly elections: Congress announces candidates for 53 seats